ആദ്യ ബജറ്റുമായി ധനമന്ത്രി നിർമല സീതാരാമൻ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ. സർക്കാരിന്റെ ആദ്യ ബജറ്റുമായി ധനമന്ത്രി നിർമല സീതാരാമൻ. ആദ്യ ബജറ്റവതരണത്തിനായി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. സഹമന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പമാണ് നിർമലാ സീതാരാമൻ എത്തിയത്.
വളർച്ചാമുരടിപ്പിൽ നിന്ന് സമ്പദ്ഘടനയെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാവും നിർമല ബജറ്റ് അവതരിപ്പിക്കുക. വായ്പകൾക്കും ഉത്പന്നങ്ങൾക്കും ഡിമാൻഡ് ഉയർത്താനായുള്ള നടപടികൾ ബജറ്റിലുണ്ടാകും. എന്നാൽ മാത്രമേ സമ്പദ്ഘടനയിൽ ഉണർവുണ്ടാകുകയുള്ളൂ.

ഇടക്കാല ബജറ്റുകളുൾപ്പടെ രാജ്യത്തിന്‍റെ 89-ാമത് ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്‍റെ തുടർച്ചയാകും ഇന്നത്തെ കേന്ദ്ര ബജറ്റെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട്, ബജറ്റ് രേഖ നൽകി, അംഗീകാരം വാങ്ങിയ ശേഷം കേന്ദ്രമന്ത്രി തിരികെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ എത്തും. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിസഭാ യോഗം . ബജറ്റിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മന്ത്രി മന്ത്രിസഭാ യോഗത്തിൽ വിശദീകരിക്കും.

ഇതിന് ശേഷം 11 മണിയോടെയാകും ബജറ്റവതരണം. ആദായനികുതിയിലെ ഇളവ്, തൊഴിലവസരങ്ങൾ കൂട്ടുക, കർഷക മേഖലയ്ക്കുള്ള വാഗ്ദാനങ്ങൾ എന്നിവ പുതിയ ബജറ്റിലുണ്ടാകുമോ എന്ന കാര്യം ഉറ്റുനോക്കുകയാണ് രാജ്യത്തിന്‍റെ സാമ്പത്തിക രംഗം.

ആദായനികുതി പരിധി കൂട്ടുന്നതിനൊപ്പം, കാർഷികരംഗത്തും ആരോഗ്യ, സാമൂഹ്യക്ഷേമരംഗത്തുമുള്ള പദ്ധതിച്ചെലവ് കൂട്ടാനുള്ള നിർദേശങ്ങൾ നിർമലാ സീതാരാമൻ പുതിയ ബജറ്റിൽ അവതരിപ്പിക്കുമോ എന്ന് കണ്ടറിയണം.