സുമാ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യുഡിഎഫിന്‍റെ സുമാ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 255 അംഗ കൗണ്‍സിലില്‍ 28 അംഗങ്ങളുടെ പിന്തുണയോടെയാണ് സുമ ബാലകൃഷ്ണന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്‌.

എല്‍ഡിഎഫ് കൗണ്‍സിലര്‍ കെ.റോജയുടെ വോട്ട് അസാധുവായതൊഴിച്ചാല്‍ അട്ടിമറികളൊന്നും വോട്ടെടുപ്പിലുണ്ടായില്ല. മുന്‍ മേയറായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ.പി.ലതക്ക് 25 വോട്ടുകള്‍ ലഭിച്ചു.

ഇടത് മുന്നണിയുടെ മേയർ ഇ പി ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയർ തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷ് യുഡിഎഫിലേക്ക് മാറിയതോടെ ഇടതുപക്ഷം പ്രതിസന്ധിയിലാകുകയും അവിശ്വാസപ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെടുകയുമായിരുന്നു.

മുന്നണി മാറിയെങ്കിലും രാകേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തു തുടര്‍ന്നു. രാകേഷിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു. കനത്ത സുരക്ഷയില്‍ രാവിലെ 11 മണിയോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.