ലൈറ്റ് മെട്രോ പദ്ധതി പിന്‍വലിക്കല്‍; സര്‍ക്കാരിനെതിരെ യുഡിഎഫ് ബഹുജന പ്രക്ഷോഭത്തിന്

കോഴിക്കോട്: ലൈറ്റ് മെട്രോ പദ്ധതി ആവശ്യം ഉന്നയിച്ച് യുഡിഎഫ് ബഹുജന പ്രക്ഷോഭത്തിലേക്ക്. സമരത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ബഹുജന കണ്‍വെന്‍ഷന്‍ ചേരും. ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡിഎംആര്‍സി പിന്മാറിയതോടെയാണ് സര്‍ക്കാരിനെതിരെ യുഡിഎഫ് ബഹുജന പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കോഴിക്കോടിന് ആശ്വാസമാകുന്ന പദ്ധതി പെട്ടെന്ന് ആരംഭിക്കണമെന്നും ഇ ശ്രീധരനെ തിരിച്ചുെകാണ്ടുവരണമെന്നും ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് പറഞ്ഞു.

സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ ഉള്‍പ്പടെയുള്ളവരെ പങ്കെടുപ്പിച്ച് കോഴിക്കോട് ബഹുജന കണ്‍വെന്‍ഷന്‍ നടത്തും. കക്ഷി രാഷ്ട്രീയത്തിന് അധീതമായി പ്രശ്നം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിനു പുറമെ യോഗത്തില്‍ ഭാവി സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും.