മുഖ്യമന്ത്രിയുടെ കുടുംബത്തിനും ബന്ധമുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

തൃശൂര്‍: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട ചങ്ങലയുടെ കണ്ണികള്‍ നീണ്ടതാണെന്നും അതില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനും ബന്ധമുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ആരോപിച്ചു. ‘കോണ്‍സുലേറ്റില്‍നിന്ന് പുറത്തായശേഷം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനി വഴിയാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌നയ്ക്ക് കെ ഫോണില്‍ ജോലി കിട്ടിയത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനിയാണെന്ന് ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയും സിറ്റിസണ്‍ ഫോറവും അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെ എതിര്‍പ്പ് മറികടന്നാണ് പി ഡ്ബ്ല്യുസിയുമായി കരാര്‍ ഒപ്പിട്ടത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സും അതിലെ ഉദ്യോഗസ്ഥരും എക്‌സാ ലോജിക് എന്ന കമ്പനിയുമായി ബന്ധപ്പെട്ടതാണ്. ഇത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയാണെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.

കമ്പനിയുടെ വെബ്‌സൈറ്റില്‍ കമ്പനിയുടെ മെന്ററായി പറയുന്നത് ജെറിക് എന്നയാളെയാണ്. ഇയാള്‍ 12 വര്‍ഷക്കാലം പിഡബ്ല്യുസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.
‘യുഎഇ കൗണ്‍സുലേറ്റ് പിരിച്ചു വിട്ട ഉദ്യോഗസ്ഥയാണ് സ്വപ്‌ന. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിക്ക് ഐടി മേഖലയില്‍ ജോലി ലഭിച്ചത് തനിക്കറിയില്ലെന്ന എങ്ങനെയാണ് മുഖ്യമന്ത്രിക്ക് പറയാനാവുക. അങ്ങനെ കൈകഴുകാന്‍ മുഖ്യമന്ത്രിക്കാകുമോ.-ബെന്നി ചോദിച്ചു.