കാറിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡൽഹി: കാറിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യൂബർ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ഹരിയാനയിലെ ഗണ്ണൗർ സ്വദേശിയും 22കാരനുമായ സഞ്ജീവ് സഞ്ജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബഹുരാഷ്ട്ര കമ്പനിയിലെ ഉപദേശകയായി ജോലി ചെയ്യുന്ന 29കാരിയെയാണ് വീട്ടിലേക്കുള്ള യാത്രക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഹരിയാനയിലെ കുണ്ട്‌ലിയിൽ നിന്നും രോഹിണിയിലെ വീട്ടിലേക്കാണ് യുവതി യൂബർ ടാക്സി ബുക്ക് ചെയ്തത്. യാത്രയ്‌ക്ക് സ്ഥിരം പോകുന്ന വഴിയിലൂടെയല്ല ‌ഡ്രൈവർ കാർ ഓടിക്കുന്നതെന്ന് മനസിലാക്കിയ യുവതി കാറിൽ നിന്നും പുറത്തേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കാറിന്റെ വാതിലുകൾ ആട്ടോമാറ്റിക്ക് സംവിധാനത്തിൽ ലോക്ക് ചെയ്‌ത് ഡ്രൈവർ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തൊട്ടടുത്ത സിഗ്നലിൽ വണ്ടി നിറുത്തിയപ്പോൾ യുവതി കാറിന്റെ ലോക്ക് തുറന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.