യുഎഇയില്‍ നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പ്രധാന കാര്യങ്ങള്‍ ഇവയാണ്; ലംഘിച്ചാല്‍ ശിക്ഷ കടുക്കും

യുഎഇ : എല്ലാ രാജ്യത്തിനും അവരവരുടേതായ നിയമങ്ങളുണ്ട്. ആ നിയമങ്ങള്‍ നടപ്പാക്കാന്‍ ഭരണസംവിധാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്. അത് പാലിക്കാന്‍ അവിടത്തെ പൗരന്‍മാരും പുറത്തുനിന്നെത്തുവരും ബാധ്യസ്ഥരാണ്. യുഎഇയില്‍ നിങ്ങള്‍ പുതിയ ആളാണെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

1. കോള്‍ റെക്കോര്‍ഡിങ്

ഫ്രീ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ആരുടെയെങ്കിലും ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. നിങ്ങള്‍ക്ക് വന്‍തുക പിഴയോ, 7 വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കാം. മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമമായിട്ടാണ് യുഎഇയിലെ നിയമങ്ങള്‍ കോള്‍ റെക്കോര്‍ഡിങ്ങിനെ വിലയിരുത്തുന്നത്.

2. അനുമതിയില്ലാതെ ഫോട്ടോയെടുക്കല്‍

അനുമതിയില്ലാതെ വ്യക്തികളുടെയോ സ്ഥലത്തിന്റെയോ സംഭവങ്ങളുടെയോ ചിത്രങ്ങള്‍ പകര്‍ത്തുന്നത് നിയമവിരുദ്ധമാണ്. അനുമതി തേടിയശേഷമേ മറ്റൊരാളുടെയോ സ്ഥാപനങ്ങളുടെയോ ഒക്കെ ഫോട്ടോകള്‍ പകര്‍ത്താന്‍ പാടുള്ളൂ.

3. അമിത വേഗത

ട്രാഫിക് നിയമലംഘനത്തിന്റെ പരിധിയില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ് അമിത വേഗത. യുഎഇ റോഡുകളിലെല്ലാം വേഗത പരിശോധിക്കാനുള്ള റഡാര്‍ സംവിധാനമടക്കമുണ്ട്. റെഡ് ലൈറ്റ് സിഗ്നല്‍ ലംഘിച്ചാല്‍ 15 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുന്നതിന് പുറമെ 800 ദിര്‍ഹം പിഴയും ചുമത്തും. 8 ബ്ലാക് പോയിന്റുകളും കിട്ടും. 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കുതിച്ചാല്‍ ആയിരം ദിര്‍ഹം പിഴയൊടുക്കണം. വാഹനം 30 ദിവസത്തേക്ക് പിടിച്ചുവെയ്ക്കും. 12 ബ്ലാക്ക് പോയിന്റുകളും കിട്ടും.

4. നിയമാനുസൃതമായ വിസയില്ലാതിരിക്കല്‍

നിയമാനുസൃതമായ വിസയില്ലാതെ യുഎഇയില്‍ തുടരുന്നത് ക്രിമിനല്‍ കുറ്റമാണ്. യുഎഇയില്‍ എത്തി ജോലി തേടി കണ്ടുപിടിച്ച് വിസ ലഭിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ രാജ്യം വിടുകയും പിന്നെ വീണ്ടും പ്രസ്തുത കമ്പനിയുടെ വിസയില്‍ പുനപ്രവേശിക്കുകയും വേണം. ഇത് ലംഘിച്ചാല്‍ കനത്ത പിഴയൊടുക്കുകയും നാടുകടത്തലിന് വിധേയമാവുകയും ചേയ്യേണ്ടി വരും. യുഎഇയില്‍ പ്രവേശിക്കുന്നതിന് നിരോധനവും ലഭിക്കും.

5 വസ്ത്രധാരണരീതി

പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം ധരിക്കണം. ശരീര പ്രദര്‍ശനത്തിന് കാരണമാകുന്ന വസ്ത്രങ്ങള്‍ ധരിച്ച് ആരാധനാലയങ്ങള്‍, മാളുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ എത്താന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു.ഇതുകൂടാതെ വഴിയരികില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും, പൊതുസ്ഥലങ്ങളില്‍ വെച്ച് ബഹളങ്ങളുണ്ടാക്കുന്നതും, നിയമപ്രകാരമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചല്ലാതെ റോഡ് മുറിച്ചുകടക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളും നിയമവിരുദ്ധമാണ്.