യുഎഇ ഡ്രൈവിങ് ലൈസന്‍സിനുള്ള പരിശീലനം ഇനി ഇന്ത്യയില്‍ നിന്ന് നേടാം

അബുദാബി: യുഎഇയിൽ ലൈസൻസ് എടുക്കാനുള്ള പരിശീലനം ഇനി ഇന്ത്യയിൽ നിന്ന് പൂർത്തിയാക്കാം. ഇന്ത്യയിലെ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇന്ത്യയിലെ വിവിധയിടങ്ങളിലെ ഡ്രൈവിങ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ ലഭിക്കും. ഇതിന് ശേഷം യുഎഇയിലെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേന്‍ എം.ഡി ഡോ. മനീഷ് കുമാര്‍ പറഞ്ഞു. യുഎഇയിലെത്തിയ ശേഷം എമിറേറ്റ്സ് ഡ്രൈവിങ് സ്കൂള്‍ ക്യാമ്പസുകള്‍ വഴി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ടെസ്റ്റിന് ഹാജരാവാം. ഡ്രൈവിങ് പരിശീലനത്തിന് ആവശ്യമായ ചിലവും സമയവും ലാഭിക്കാന്‍ പുതിയ പദ്ധതിയിലൂടെ പ്രവാസികള്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരിച്ച ചിലവ് കാരണം യുഎഇയിലെ ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടാന്‍ പല പ്രവാസികള്‍ക്കും സാധിക്കാറില്ല. ടെസ്റ്റുകളുടെ എണ്ണത്തിനുസരിച്ച് 5000 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് ചിലവ്. പ്രവാസികള്‍ കൂടുതലുള്ള കേരളം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലായിരിക്കും നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നിലവിലുള്ള ഡ്രൈവിങ് സ്കൂളുകളില്‍ ലെഫ്റ്റ് ഹാന്റ് ‍ഡ്രൈവിങ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കുകയായിരിക്കും ചെയ്യുന്നത്. അടുത്ത ഘട്ടത്തില്‍ സൗദി ഉള്‍പ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളുടെ ഡ്രൈവിങ് പരിശീലനം തുടങ്ങുന്ന തരത്തിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.