മുഖ്യമന്ത്രിയുടെ യാത്രയില്‍ സംശയമുന്നയിച്ചവര്‍ക്ക് ഇതാണ് മറുപടി; യുഎഇ യില്‍ നിന്ന് നവകേരളത്തിന് ലഭിക്കുക 300 കോടി

നവകേരള നിര്‍മാണത്തിനായി യു.എ.ഇയില്‍ നിന്ന് 300 കോടി രൂപ സമാഹരിക്കാന്‍ ധാരണയായി. അഞ്ചു ദിവസത്തെ യു.എ.ഇ പര്യടനം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുന്‍പ് വിവിധ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കിയത്.യു.എ.ഇ.യിലുള്ള നോര്‍ക്ക, ലോക കേരളസഭാ അംഗങ്ങള്‍ക്കൊപ്പം പ്രമുഖ പ്രവാസിസംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

മൂന്ന് മാസത്തിനകം 300 കോടി രൂപ യു.എ.ഇയിലെ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിക്കാനാണ് യോഗത്തില്‍ ധാരണയായത്. രാഷ്ട്രീയഭേദമന്യേ പ്രവാസി സംഘടനകള്‍ സമാഹരണത്തിന് പിന്തുണ അറിയിച്ചു.
ഇതുവരെ നല്‍കിയ തുക ഇതിനൊപ്പം ചേര്‍ക്കേണ്ടതില്ലെന്നും പുതുതായി 300 കോടി രൂപയാണ് സമാഹരിക്കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിവിധ ഘട്ടങ്ങളിലായി ഈ തുക സമാഹരിക്കണം. അടുത്ത ജൂണ്‍ മാസത്തോടെ ലക്ഷ്യം കൈവരിക്കാനാവണം ശ്രമം. ഡിസംബര്‍ 31, ജനുവരി 31 എന്നീ തീയതികളില്‍ ആദ്യഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം.

യു.എ.ഇ.യിലെ റെഡ് ക്രസന്റ് ഉള്‍പ്പെടെയുള്ള ജീവകാരുണ്യസംഘടനകള്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വിഭവസമാഹരണം നടത്തുന്നുണ്ട്. അതിനുപുറമേയാണ് പ്രവാസിമലയാളികളുടെ ഈ പ്രവര്‍ത്തനം കേരളം ആവശ്യപ്പെടുന്നത്. അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള ഈ യത്‌നത്തില്‍ എല്ലാവരും പങ്കാളികളാകണം. എല്ലാവിഭാഗക്കാരെയും ഇതുമായി സഹകരിപ്പിക്കണം. ഒരുമിച്ചുനിന്നുകൊണ്ട് ഈ വെല്ലുവിളി നാം ഏറ്റെടുക്കണം. നവകേരളനിര്‍മിതിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നവര്‍ക്കുള്ള മറുപടി സൃഷ്ടിപരമായ നിര്‍മാണത്തിലൂടെയാവണം നാം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

അമേരിക്കയിലെ മലയാളികളില്‍നിന്ന് 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. അതിനേക്കാള്‍ വലിയതോതില്‍ മലയാളികളുള്ള സ്ഥലമാണ് യു.എ.ഇ. സാധാരണക്കാരനില്‍നിന്ന് പത്തു ദിര്‍ഹമെങ്കില്‍ പത്തുദിര്‍ഹം പോലും ഇതിലേക്ക് സമാഹരിക്കണം. ഇതിനായി സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എല്ലാ സംഘടനാ നേതാക്കളോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

വെള്ളിയാഴ്ചകളില്‍ ഓരോ എമിറേറ്റിലും അവലോകനയോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തണം. മാസംതോറും കേന്ദ്രീകൃതയോഗം ചേര്‍ന്ന് കാര്യങ്ങള്‍ നിരീക്ഷിക്കണം. പ്രാദേശികകൂട്ടായ്മകളെ വിശ്വാസത്തിലെടുത്തുവേണം ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് വെറുതെ അവഗണിക്കാന്‍ പാടില്ല. അവര്‍ക്കുള്ള കൃത്യമായ മറുപടി കണക്കുകള്‍വെച്ച് നല്‍കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. യഥാര്‍ഥവസ്തുതകള്‍ പറഞ്ഞ് അവരെ ബോധവത്കരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സഹായങ്ങളെ എതിര്‍ത്ത പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി അദ്ദേഹം വിവിധ പരിപാടികളിലായി വിമര്‍ശിക്കുകയും ചെയ്തു.  പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

ദുബായിയില്‍ മലയാളി സമൂഹത്തോട് സംസാരിക്കവേയാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിഞ്ഞത്.  മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് പ്രധാനമന്ത്രി വാക്കാല്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍, പിന്നീട് അത് നിഷേധിക്കുന്ന സമീപനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാടിനൊപ്പം നില്‍ക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.