കോട്ടക്കുന്നിൽ ഒന്നര വയസ്സുകാരന്‍റെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തി; പുത്തുമലയില്‍ ഒരു മൃതദേഹം കണ്ടെടുത്തു

മലപ്പുറം: ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ കവളപ്പാറ, പുത്തുമല, കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ മണ്ണിനടയില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കോട്ടക്കുന്നില്‍ ഗീതു (22), ധ്രുവന്‍ (2) എന്നീ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാലുപേരെയാണ് ഇവിടെ നിന്ന് കാണാതായത്. മറ്റുള്ളവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. റവന്യു ഉദ്യോ​ഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഇന്നലെ വൈകുന്നേരം തെരച്ചിൽ നിർത്തിവച്ചിരുന്നു.

കവളപ്പാറയില്‍ ഏഴു വയസുകാരി അലീനയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചു. ഒമ്പതു പേരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ഏഴു വയസ്സുകാരിയുടെ മൃതദേഹമടക്കം രണ്ട് മൃതദേഹങ്ങളാണ് ഇന്ന് കവളപ്പാറയില്‍ കണ്ടെടുത്തത്. ഇവിടെ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു.

വെള്ളിയാഴ്ച്ച ഉച്ചയോടുകൂടിയാണ് കനത്ത മഴയെത്തുടർന്ന് കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കോട്ടക്കുന്നിൽ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു സരോജിനിയും കുടുംബവും. അപകടത്തിൽ നിന്ന് സരോജിനിയുടെ മകൻ ശരത് അത്‍ഭുതകരമായി രക്ഷപ്പെട്ടിരുന്നു.