വൈദികൻ ചികിത്സ തേടിയ പേരൂർക്കട ആശുപത്രി 2 വാർഡുകൾ അടച്ചു

തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരിച്ച വൈദികൻ ചികിത്സ തേടിയ പേരൂർക്കട ആശുപത്രി 2 വാർഡുകൾ അടച്ചു. ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ. കഴിഞ്ഞ ഏപ്രില്‍ മാസം 20ന് അപകടത്തെ തുടര്‍ന്നാണ് നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിനെ (77) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ മേയ് 20 വരെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
തുടര്‍ ചികിത്സയ്ക്കായി രോഗിയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഹൃദയമിടിപ്പിലുള്ള വ്യതിയാനത്തെ തുടര്‍ന്നും ശ്വാസ തടസം ഉണ്ടായതുകൊണ്ടും രക്ത സമ്മര്‍ദം കുറഞ്ഞതിനാലും മേയ് 31നാണ് വീണ്ടും ഫാ. കെ.ജി. വര്‍ഗീസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗനില മോശമായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണം നല്‍കി. തലച്ചോറിലെ രക്തസ്രാവം, ഹൃദയമിടിപ്പിലെ വ്യതിയാനം, ന്യൂമോണിയ, രക്തത്തിലെ അണുബാധ, വൃക്കകളുടെ തകരാര്‍ എന്നിവയും ഉണ്ടായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇന്ന് രാവിലെ 5.20ന് മരണമടയുകയായിരുന്നു. ന്യുമോണിയ സ്ഥിരീകരിച്ചതിനാല്‍ സ്രവങ്ങള്‍ കോവിഡ് പരിശോധനയ്ക്കായും അയച്ചിരുന്നു. മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം വിട്ടുകൊടുക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് വേണ്ട കരുതൽ നടപിടികൾ സ്വീകരിച്ചിട്ടുണ്ട്.