ഇറാൻ കളിക്കുന്നത് തീ കൊണ്ട്; യുറേനിയം ശേഖരിച്ചുവച്ചിട്ടുണ്ടെന്ന ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇറാന്‍ കളിക്കുന്നത് തീകൊണ്ടാണെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.അനുവദനീയമായ അളവില്‍ കൂടുതല്‍ സമ്പുഷ്ട യുറേനിയം ശേഖരിച്ചുവച്ചിട്ടുണ്ടെന്ന ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെ ട്രംപിന്‍റെ പ്രതികരണം. ഇറാനോട് കൂടുതല്‍ ഒന്നും പറയാനില്ല. അവര്‍ ചെയ്യുന്നത് എന്താണ് എന്ന് അറിഞ്ഞുകൊണ്ടാണ് അവര്‍ അത് ചെയ്യുന്നത്. എന്തുകൊണ്ട് കളിക്കുന്നുവെന്നും അവര്‍ക്കറിയാം. അത് തീക്കളിയാണെന്നും ട്രംപ് പറഞ്ഞു.

2015ല്‍ ലോകശക്തികളുമായുണ്ടാക്കിയ ആണവകരാര്‍ പ്രകാരം അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ യുറേനിയം സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇറാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. അമേരിക്കന്‍ ആണവ കരാറില്‍ നിന്നും പുറത്താക്കിയതിനുശേഷം കരാറിനെതിരെ ഇറാന്‍ നടത്തുന്ന ആദ്യ പ്രഖ്യാപനമാണിത്.

യുറേനിയം സംഭരണ പരിധി കവിഞ്ഞതായി ഇറാന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫാണ് ഇക്കാര്യം അറിയിച്ചത്. ആണവ കരാറില്‍ നിന്ന് പിന്‍മാറിയ യുഎസ് ഇറാനുമേല്‍ എണ്ണ കയറ്റുമതിക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തുകയായിരുന്നു. കരാറില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇറാന്‍റെ നീക്കമെന്നാണ് സൂചന.

യു.എസ് ഉപരോധത്തോട് പ്രതികരിക്കാനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ഇറാന്‍ ചെയ്തിരിക്കുന്നതെന്നും നീക്കം കരാറിന്റെ ലംഘനമല്ലെന്നുമാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് പറഞ്ഞത്.