ചരിത്രം കുറിച്ച് ട്രംപ്-കിം കൂടിക്കാഴ്ച; മണ്ണില്‍ സ്പര്‍ശിച്ചത് അഭിമാനകരമെന്ന് ട്രംപ്

ദക്ഷിണ കൊറിയയെയും ഉത്തര കൊറിയയേയും വേര്‍തിരിക്കുന്നിടത്ത്കിം ജോങ് ഉന്നിനൊപ്പെ ട്രംപ്

സോള്‍: ചരിത്രം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരകൊറിയയില്‍. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ചരിത്രനീക്കം. ദക്ഷിണ- ഉത്തര കൊറിയകള്‍ക്കിടയിലുള്ള സൈനികമുക്ത മേഖലയില്‍ വെച്ചാണ് കൂടിക്കാഴ്ച. ഉത്തരകൊറിയയില്‍ കാലുകുത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.

ദക്ഷിണ കൊറിയയെയും ഉത്തര കൊറിയയേയും വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് മറികടന്നാണ് ട്രംപ് ഉത്തരകൊറിയന്‍ മണ്ണിലേക്ക് കാല്‍കുത്തിയത്. കൊറിയന്‍ യുദ്ധത്തിന് ശേഷം 1953 മുതല്‍ ഇരുപക്ഷവും അംഗീകരിച്ച മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യമില്ല.

ഇതാദ്യമായാണ് അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഉത്തരകൊറിയയിലേക്ക് ഒരു അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നത്. ഉത്തരകൊറിയന്‍ മണ്ണില്‍ സ്പര്‍ശിച്ചത് അഭിമാനകരമെന്ന് ട്രംപ് പറഞ്ഞു. കിം ജോങ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് അദ്ദേഹം ക്ഷണിച്ചു.