ചരിത്രം കുറിച്ച് ട്രംപും കിമ്മും; അഭിമാനകരമായ മുഹൂർത്തമെന്ന് ട്രംപ്; നിർണായക മാറ്റങ്ങൾക്ക് തുടക്കമെന്ന് കിം; സമാധാന ഉടമ്പടിയില്‍ ഒപ്പിട്ടു

സിംഗപ്പൂർ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‌ഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സമാപിച്ചു. ചരിത്രപരമായ കൂടികാഴ്ച്ചയെന്ന് ലോകം മുഴുവൻ വിലയിരുത്തിയിരുന്ന മണിക്കൂറുകളാണ് കടന്നുപോയത്. അഭിമാനകരമായ മുഹൂർത്തമാണ് ഇതെന്ന് ട്രംപ് പറഞ്ഞു. നിർണായക മാറ്റങ്ങൾക്ക് ലോകം ഇനി സാക്ഷ്യം വഹിക്കുമെന്ന് കിമ്മും പറഞ്ഞു.

കൂടിക്കാഴ്ച വൻ വിജയമായിരുന്നുവെന്നും കൊറിയയുമായുള്ള ബന്ധം ഊഷ്മളമാക്കുമെന്നും പറഞ്ഞ ട്രംപ് ചർച്ചകളെ ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നതെന്നും സുപ്രധാന കരാറുകളിലാണ് ഒപ്പു വയ്ക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു നേതാക്കളും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകൾക്ക് മുൻകൈയെടുത്ത കിമ്മിനോട് നന്ദി അറിയിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിർണായക മാറ്റങ്ങൾക്ക് ലോകം ഇനി സാക്ഷ്യം വഹിക്കുമെന്നും ഭൂതകാലത്തെ സംഭവങ്ങൾ മറക്കുമെന്നും കിം ജോംഗ് ഉൻ വ്യക്തമാക്കി. മാറ്റത്തിന്‍റെ തുടക്കമാണിതെന്നും ചർച്ചക്കെത്തിയ ട്രംപിനോട് നന്ദിയുണ്ടെന്നും കിമ്മും പറഞ്ഞു.

സംയുക്ത വാർത്താ സമ്മേളനത്തിനിടെ ഇരു നേതാക്കളും വിവിധ കരാറുകളിൽ ഒപ്പിട്ടു. സമാധാന കരാർ ഉൾപ്പെടെയുള്ളവയിലാണ് ഇരുവരും ഒപ്പുവച്ചതെന്നാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമായിട്ടില്ല.