മധ്യസ്ഥത അടക്കം ഏത് സഹായത്തിനും തയ്യാർ; കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് വീണ്ടും ട്രംപ്

 

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന അറിയിച്ചു കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും . ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള പ്രശ്‌നത്തില്‍ ആവുന്നതൊക്കെ ചെയ്യാന്‍ തയ്യാറാണെന്ന് ട്രംപ് ബുധനാഴ്ച പറഞ്ഞു.

യുഎന്‍ ജനറല്‍ അസംബ്ലിയ്ക്കിടെ ഇന്ത്യയുടെയും പാകിസ്താന്റെയും പ്രധാനമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ച വളരെ ക്രിയാത്മകമായിരുന്നുവെന്ന്‌ ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളെയും പരിഗണിച്ച് കശ്മീര്‍ വിഷയവും ചര്‍ച്ചചെയ്തു. വിഷയത്തില്‍ ഇടപെട്ടുകൊണ്ട് മധ്യസ്ഥതയടക്കം ഏതുതരത്തിലുള്ള സഹായം വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് ഇരു രാഷ്ട്രങ്ങളുടെയും നേതാക്കളോട് വാഗ്ദാനം ചെയ്തിരുന്നതായും ട്രംപ് വെളിപ്പെടുത്തി.

എന്റെ നല്ല സുഹൃത്തുക്കളാണ് രണ്ടു രാജ്യങ്ങളുടെയും നേതൃസ്ഥാനത്തുള്ളത്. അവർ രണ്ട് പേരും മാന്യവ്യക്തിത്വങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. രണ്ടും ആണവശക്തികളാണ്. അവര്‍ക്ക് പ്രശ്‌നപരിഹാരത്തില്‍ എത്തിച്ചേരാനാവും- ട്രംപ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ പലവട്ടം പ്രസ്താവിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റാരുടെയും ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.