രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍, സച്ചിന്‍പൈലറ്റ് മടങ്ങിയെത്തും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ മുന്‍ ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കണ്ടു സംസാരിച്ചതോടെ രാഷ്ട്രീയ മഞ്ഞുരുകി. രാജസ്ഥാനിലെ വിമത എം.എല്‍.എമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എ.ഐ.സി.സി മൂന്നംഗ സമിതിയെ നിയോഗിച്ചതോടെ സച്ചിന് മടങ്ങി വരാമെന്നായി. രാഹുല്‍, പ്രിയങ്ക എന്നിവരുമായുള്ള കൂടിക്കാഴ്ച രണ്ടരമണിക്കൂര്‍ നീണ്ടു.
അനുകൂലമായ തീരുമാനം പ്രതീക്ഷിക്കുന്നതായി ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ജൂലായ് ആദ്യമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള സച്ചിന്റെ ഭിന്നത മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് 18 എം.എല്‍.എമാരെ കൂട്ടി സച്ചിന്‍ പിണങ്ങുന്ന നിലപാടെടുത്തു. ഗെലോട്ട് വിളിച്ച യോഗത്തില്‍ രണ്ടുതവണ പങ്കെടുക്കാതായതോടെ സച്ചിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി പദത്തില്‍ നിന്നും നീക്കി.
ഓഗസ്റ്റ് 14 ന് രാജസ്ഥാന്‍ നിയമസഭ ഗവര്‍ണര്‍ വിളിച്ചുകൂട്ടിയിരിക്കുകയാണ്. ഗെലോട്ട് ഗവണ്‍മെന്റ് അതില്‍ ഭൂരിപക്ഷം തെളിയിക്കണം.