‘ഫോട്ടോയ്ക്ക് പോസ്സ് ചെയ്യാനായി മോദി ഗുഹയിൽ ധ്യാനത്തിരുന്നു’; ട്രോളി കൊന്ന് സോഷ്യൽ മീഡിയ

കേദാർനാഥിനു സമീപത്തെ ഗുഹയിൽ ധ്യാനമിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽമീഡിയയിൽ എത്തുന്നത്. ധ്യാനവും സന്യാസവും എല്ലാം കൃത്യമായ തിരക്കഥയായിരുന്നു എന്നാണ് വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വീറ്റുകൾ വെളിപ്പെടുത്തുന്നത്. മോദിയുടെ ചിത്രമെടുക്കാൻ എഎൻഐ അരമണിക്കൂർ മുൻപെ പുറപ്പെട്ടതും സോഷ്യൽ മീഡിയ ട്രോളുന്നുണ്ട്.

മോദി ധ്യാനിക്കുന്ന ചിത്രങ്ങൾ 3.17ന് ആണ് എഎൻഐ ആദ്യം ട്വീറ്റ് ചെയ്തത്. ‘മോദി ധ്യാനിക്കുന്നു’ എന്നായിരുന്നു ക്യാപ്ഷൻ. പിന്നാലെ രണ്ടാമത്തെ ട്വീറ്റ് വന്നത് 4.10ന്. ‘മോദി കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ധ്യാനം തുടങ്ങും’ എന്നായിരുന്നു ആ ട്വീറ്റ്. അതായത് ധ്യാനം തുടങ്ങും മുൻപെ, അരമണിക്കൂർ മുന്‍പെ എഎൻഐയ്ക്ക് വേണ്ടി ഫോട്ടോ എടുക്കാൻ വെറുതെ പോസ് ചെയ്തെന്നാണ് സോഷ്യൽമീഡിയക്കാർ പരിഹസിക്കുന്നത്.

മോദി മലമ്പാതയിലൂടെ രണ്ടു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് ഗുഹയിൽ എത്തിയതെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ക്ഷേത്രത്തിലേക്ക് മോദി സഞ്ചരിക്കുന്ന വഴിയിൽ ചുവന്ന പരവതാനി വിരിച്ചിരുന്നു എന്നാണ് ട്രോളർമാർ പറയുന്നത്. ഇതിനായി വാർത്താ ഏജൻസികളുടെ ചിത്രങ്ങളും അവർ കൂടെ ട്വീറ്റ് ചെയ്യുന്നുണ്ട്.

ഗുഹയിൽ ഒരു സന്യാസിയെ പോലെയാണ് കഴിയുന്നതെന്ന് അവകാശപ്പെടുന്ന മോദിക്ക് എന്തിനാണ് നടന്ന വഴികളിലെല്ലാം ചുവന്ന പരവതാനി വിരിച്ചു കൊടുത്തിരിക്കുന്നതെന്നാണ് ട്വിറ്റർ ഉപയോക്താക്കളുടെ മറ്റൊരു ചോദ്യം. മോദിയുടെ ധ്യാനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ സോഷ്യൽമീഡിയ ഒന്നടങ്കം ഓരോ വ്യക്തികളുടെയും ധ്യാനത്തിന്റെ ചിത്രങ്ങളാൽ നിറഞ്ഞു.