ലോഡ് കണക്കിന് സ്നേഹവുമായി തിരുവനന്തപുരം; മേയറെ പുകഴ്ത്തി ട്രോളുകളും

മറ്റു ജില്ലകളേക്കാൾ വയനാടിലെക്ക് ലോഡ് കണക്കിന് സ്നേഹമാണ് തിരുവനന്തപുരത്തു നിന്ന് കയറ്റി അയക്കുന്നത്. തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ ഒരു ഇടവേളയുമില്ലാതെ ലോഡ് വയനാട്ടിലേക്ക് എത്തിക്കുകയാണ്.

ഉറക്കവും ഊണുമില്ലാതെ തന്നെയാണ് മേയറും പ്രവർത്തകരും ചേർന്ന് ലോഡുകൾ കയറ്റി അയക്കുന്നത്. ഈ അവസരത്തിൽ മേയര്‍ വി.കെ പ്രശാന്തിനെ പുകഴ്ത്തി കേരളത്തിലെ ട്രോളന്‍മാരും സജീവമായി രംഗത്തുണ്ട്. ഏതെങ്കിലും വ്യക്തിയെയോ സംഭവത്തെയോ കുറിച്ച് ആക്ഷേപ ഹാസ്യങ്ങള്‍ നിറയുന്ന ട്രോളുകളാണ് സാധാരണ ട്രോള്‍ പേജുകളില്‍ നിറയാറുള്ളതെങ്കില്‍ ഇപ്പോള്‍ മേയറെ പുകഴ്ത്തി കൊണ്ടുള്ള
പോസ്റ്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തെ മറ്റേതൊരു ജില്ലയില്‍ നിന്നുള്ളതിനേക്കാളും അധികം സഹായങ്ങളും സാധനകളുമാണ് തിരുവനന്തപുരത്തു നിന്നു വയനാട്ടിലേക്കും മറ്റു മേഖലകളിലേക്കും എത്തുന്നത്. ഇതിന് കാരണം മേയര്‍ വി.കെ പ്രശാന്ത് മുന്‍കൈയെടുത്തതാണെന്നാണ് ട്രോളുകളിലൂടെ സോഷ്യല്‍ മീഡിയ പറയുന്നത്.

ഇന്നലെ അര്‍ദ്ധരാത്രി മേയറുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ ‘അമ്പതാമത്തെ ലോഡ് കാണാതെ ഉറങ്ങാതെ ഇരിക്കുന്നവര്‍ക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്’ എന്ന കമന്റിന് മേയര്‍ മറുപടി നല്‍കിയത് 50 ഒക്കെ പുറപ്പെട്ടു കഴിഞ്ഞു ഇപ്പോ 53 ഉം 54 ലും ഫില്ലിങ്ങിലാണെന്നാായിരുന്നു.

സാധനങ്ങള്‍ വെയ്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

TROLL CREDITS: ICU FACEBOOK PAGE