കലാപത്തിന് സംഘപരിവാര്‍: സംഘം നിയന്ത്രിക്കുന്ന സ്‌കൂളില്‍ നിന്ന് കണ്ടെടുത്തത് ഉഗ്രശേഷിയുള്ള ബോംബുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സംഘപരിവാര്‍ കലാപത്തിന് ഒരുങ്ങുന്നു. മലയിന്‍കീഴിലെ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിന്നും ഉഗ്രശേഷിയുള്ള ബോംബുകള്‍ പോലീസ് കണ്ടെടുത്തു. മലയിന്‍കീഴ് ബി.എസ്.എന്‍.എല്ലിന് സമീപത്തെ സ്വകാര്യ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് മൂന്ന് ബോംബുകള്‍ ആണ് കണ്ടെടുത്തത്.

സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ബോംബുകള്‍ ഇന്നലെ ഉച്ചയ്ക്ക് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ് നിര്‍വീര്യമാക്കി. 250 ഗ്രാം വീതം തൂക്കമുള്ള ബോംബുകള്‍ വെടിമരുന്ന്, കുപ്പിച്ചില്ല്, മെറ്റല്‍ ചീളുകള്‍, അമോണിയം പൗഡര്‍ എന്നിവ കൊണ്ടായിരുന്നു നിര്‍മ്മിച്ചത്. ഉഗ്ര സ്‌ഫോടന ശേഷിയുള്ളതാണിതെന്നും അധികൃതര്‍ പറഞ്ഞു.

ബോംബിന്റെ ഉറവിടത്തെ സംബന്ധിച്ച് സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അന്വേഷണത്തില്‍ മാത്രമേ ബോംബുകള്‍ കൊണ്ടുവന്നവരെ കുറിച്ച് പറയാനാകൂവെന്ന് മലയിന്‍കീഴ് എസ്.ഐ സുരേഷ് കുമാര്‍ പറഞ്ഞു.

സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇതില്‍ സംഘപരിവാറിനും ആര്‍.എസ്.എസിനും പങ്കുണ്ടെന്നാണ് സി.പി.എം ആരോപണം. എന്നാല്‍, ഹര്‍ത്താല്‍ അലങ്കോലപ്പെടുത്താന്‍ സി.പി.എമ്മാണ് ബോംബ് സൂക്ഷിച്ചിരുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.