ത്രിപുര ഇന്ന് പോളിംഗ് ബൂത്തിലേക്ക; പ്രതീക്ഷയോടെ മുന്നണികള്‍

അഗര്‍ത്തല: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. സിപിഎമ്മും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. ആദിവാസി വോട്ടുകളാകും വിധി നിര്‍ണയത്തെ സ്വാധീനിക്കുക

60 അംഗ നിയമസഭയിലെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ചാരിലാം മണ്ഡലത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 12ലേക്ക് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. 309 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. 3,214 ബൂത്തുകളിലായി 25,69,216 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. 20 സീറ്റുകള്‍ പട്ടികജാതി സംവരണമാണ്.

സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബി.ജെ.പി-ഐ.പി.എഫ്.ടി (ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര) സഖ്യവും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് ഇത്തവണ നടക്കുന്നത്. നാലാമത്തെ ഊഴമാണ് മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് അമ്പതോളം റാലികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ സിപിഐഎം പ്രചരണ റാലികളില്‍ പങ്കെടുത്തിരുന്നു. 57 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്. ബിജെപി 51 സീറ്റുകളിലും സഖ്യകക്ഷിയായ ഐഎഫ്ടിപി ഒന്‍പത് സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.

സംസ്ഥാനത്ത് നാമാവശേഷമായികൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് 59 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും ത്രിപുര വിഭജിക്കുന്നത് തടയും തുടങ്ങിയ വാഗ്ദാനങ്ങളുമായി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപി, തൃണമൂല്‍ അടക്കമുള്ള പാര്‍ട്ടികളിലേക്ക് പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയത് പാര്‍ട്ടിയെ തകര്‍ത്തിരിക്കുകയാണ്.