ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ പ്രധാനപ്രതി ബിജുലാല്‍ അറസ്റ്റില്‍

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിച്ച കേസിലെ പ്രധാനപ്രതി ബിജുലാല്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ
അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ് ബിജുലാല്‍ പിടിയിലായത്. ബിജുലാലിന്‍റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം
ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 23 മുതൽ ജൂലൈ 31വരെ നിരവധി പ്രാവശ്യം ബിജു ലാൽ തട്ടിപ്പ്
നടത്തിയെന്നാണ് പൊലീസിന്‍റെ എഫ്ഐആർ.
തട്ടിപ്പിന്‍റെ വ്യാപ്‍തി ഇപ്പോള്‍ പുറത്തുവന്നതിനെക്കാള്‍ വലുതായിരിക്കുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. കമ്പ്യൂട്ടർ വിദ‌ഗ്‍ധന്‍ കൂടിയായ
ബിജുലാൽ സോഫ്റ്റ്‍വെയര്‍ അപാകത മനസിലാക്കി നിരവധി പ്രാവശ്യം പണം ചോർത്തിയിരിക്കാമെന്നാണ് കരുതുന്നത്. ഓണ്‍ ലൈൻ ചീട്ടു കളിക്ക് ലഭിച്ച
പണത്തിന് 14,000 രൂപ കഴി‌ഞ്ഞ സാമ്പത്തിക വർഷം ബിജുലാൽ നികുതി അടച്ചിട്ടുണ്ട്.

പണം തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ്
കോടതിയില്‍ ബിജുലാല്‍ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. സംശയത്തിന്‍റെയും തെറ്റിദ്ധാരണയുടെയും പേരിലാണ് താൻ ഇപ്പോൾ ക്രൂശിക്കപ്പെടുന്നതെന്നും
കേസിൽ നിരപരാധിയാണെന്നും ബിജുലാൽ ജാമ്യ അപേക്ഷയിൽ പറയുന്നുണ്ട്. മെയ് 31 ന് വിരമിച്ച ട്രഷറി ജീവനക്കാരന്‍റെ പാസ്‍വേർഡ് ഉപയോഗിച്ചാണ്
ബിജുലാൽ രണ്ട് കോടി രൂപ തട്ടിയെടുത്തത്. ഇതിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നും കുടുംബാംഗങ്ങളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക്
മാറ്റിയെന്നുമാണ് പൊലീസ് കേസ്. പ്രതി ബിജുലാലിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്.

ട്രഷറി തട്ടിപ്പ്; ബിജുലാല്‍ കുറ്റം സമ്മതിച്ചു

പണം കൂടുതലും ഉപയോഗിച്ചത് റമ്മി കളിക്കാൻ ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചു. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ്‌
വഞ്ചിയൂർ സബ് ട്രഷറി സീനിയർ അക്കൗണ്ടന്റായ എംആർ ബിജുലാൽ കുറ്റം സമ്മതിച്ചത്. രണ്ട് കോടിയുടെ തട്ടിപ്പിന് പുറമെ ഏപ്രില്‍, മെയ് മാസങ്ങളിലായി
74 ലക്ഷം തട്ടിയെടുത്തതായും പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റിയതായും ബിജുലാൽ പറഞ്ഞു. പലതവണ ട്രഷറി അക്കൗണ്ടിൽ
നിന്ന് പണം തട്ടിയിട്ടുണ്ട്. പണം കൂടുതലായും ഉപയോഗിച്ചത് റമ്മി കളിക്കാനാണെന്നും ഒപ്പം ഭൂമിയും, സ്വർണ്ണവും വാങ്ങിയിട്ടുണ്ടെന്നും ബിജുലാൽ സമ്മതിച്ചു.
ബിജുലാലിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.