ഹൃതിക്കും-തൃപ്തിയും വിവാഹിതരായി; കേരളത്തിലെ രണ്ടാമത്തെ ട്രാൻസ് ജൻഡർ വിവാഹം

കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ സംരഭകയായ തൃപ്തി ഷെട്ടി വിവാഹിതയായിരിക്കുകയാണ്. വരണമാല്യം ചാര്‍ത്തിയത് തിരുവനന്തപുരം സ്വദേശി ഹൃദിക് ആണ്. ഇന്നലെ കൊച്ചിയിലുള്ള ഒരമ്പലത്തില്‍ വെച്ചായിരുന്നു തൃപ്തിയുടെയും ഹൃതിക്കിന്റെയും വിവാഹം. കരകൗശല നിർമാണത്തിലൂടെ ആദ്യ ട്രാൻസ്ജൻഡർ സംരഭകയായി ഉയർന്ന നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ് തൃപ്തി. ശബരിമല പ്രക്ഷോഭങ്ങൾ നടന്ന സമയത്ത് അയ്യപ്പനെ കാണാൻ വന്ന നാലംഗ ട്രാൻസ് ജൻഡർ സംഘത്തിലെ ഒരാളുമാണ് തൃപ്തി.

image credits: thripthy shetty/facebook

ഇതിനു മുൻപ് കഴിഞ്ഞ വർഷം നടന്ന സൂര്യ ഇഷാൻ വിവാഹമായിരുന്നു കേരളത്തിലെ ആദ്യ ട്രാൻസ് ജൻഡർ വിവാഹം. കേരളത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സംരംഭക എന്ന് പേര് തൃപ്തി നേടിയെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടു. അതികഠിനമായ വഴികളിലൂടെ തൃപ്തി സഞ്ചരിച്ചെത്തുമ്പോള്‍ അതേ വേദനകള്‍ താണ്ടിയാണ് ഹൃദികും എത്തുന്നത്. തങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ പൊതു സമൂഹത്തിന് നിരവധി ചോദ്യങ്ങളാണുണ്ടാവുകയെന്ന് ഹൃദിക് പറയുന്നു. കുട്ടികളുണ്ടാകുമോ എന്നതാണ് ഞങ്ങള്‍ക്കുണ്ടാകുന്ന ആദ്യ ചോദ്യം. അത്തരം ചോദ്യങ്ങളെ നേരിട്ടു കൊണ്ട് തങ്ങളെ അച്ഛനെന്നും അമ്മയെന്നും വിളിക്കാന്‍ രണ്ട് കുട്ടികളെ ദത്തെടുക്കുമെന്ന് ഇരുവരും തുറന്നു പറയുന്നു.

image credits: thripthy shetty/facebook

കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത ആര്‍ട്ടിസാന്‍സ് കാര്‍ഡ് നേടിയ ആദ്യ ട്രാന്‍സ്ജെന്‍ഡറായി മാറിയ തൃപ്തി എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും പോലെ പിന്നിട്ട വഴികളില്‍ ഒരുപാട് കണ്ണീരൊഴുക്കിയിട്ടുണ്ട്. ജീവിതത്തില്‍ സിനിമാ നടിയാകണമെന്നായിരുന്നു ആദ്യത്തെ ആഗ്രഹം എങ്കിലും ഇപ്പോള്‍ ജീവിതം തന്നെ സിനിമയാകാന്‍ പോവുകയാണ്. അനുശീലന്‍ എന്ന സംവിധായകന്‍ തൃപ്തിയുടെ ജീവിതം സ്‌ക്രീനിലേക്ക് പകര്‍ത്താന്‍ തീരുമാനിച്ചതും വാര്‍ത്തയായിരുന്നു. തൃപ്തിയുടെ കരവിരുതിലുള്ള വസ്തുക്കള്‍ ആമസോണിലൂടെയും തൃപ്തി ഹാന്‍ഡിക്രാഫ്റ്റ് എന്ന ഓണ്‍ലൈന്‍ വിപണന സൈറ്റിലൂടെയും വില്‍പ്പന നടത്തുന്നുണ്ട്.