ജനശതാബ്ദിയിൽ യാത്രക്കാരന്‌ കോവിഡ്‌; എറണാകുളത്ത്‌ ഇറക്കി ആശുപത്രിയിലാക്കി

കൊച്ചി: ജനശതാബ്ദിയിൽ യാത്രക്കാരന്‌ കോവിഡ്‌; എറണാകുളത്ത്‌ ഇറക്കി ആശുപത്രിയിലാക്കി

. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസില്‍ യാത്ര ചെയ്തയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശിയാണ് കോവിഡ് 19 പരിശോധനാഫലം വരുന്നതിന് മുമ്പ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടത്.
കോഴിക്കോട് കുന്നമംഗലത്ത് കരാര്‍ ജോലി ചെയ്യുന്ന ഇയാള്‍ മൂന്നുദിവസം മുമ്പാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്രവം പരിശോധനയക്കെടുത്തത്. എന്നാല്‍ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ ഫലം വരുന്നത് കാത്തുനില്‍ക്കാതെ ഇയാള്‍ ഇന്നു രാവിലെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

പരിശോധനാഫലം ലഭിച്ചപ്പോഴേക്കും ഇയാള്‍ കോഴിക്കോട് വിട്ടെന്നുമനസ്സിലാക്കിയ കോഴിക്കോട്ടെ ആരോഗ്യപ്രവര്‍ത്തകര്‍ തൃശൂരില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ചുവെങ്കിലും അതിനുമുമ്പുതന്നെ ട്രെയിന്‍ തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടിരുന്നു.
തുടര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് ഇയാളെ ഇറക്കിയത്. ഉടന്‍ തന്നെ കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ യാത്ര ചെയ്ത കമ്പാര്‍ട്ട്‌മെന്റില്‍ മൂന്നുയാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരെ അവിടെ നിന്ന് മാറ്റി കമ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തു. ട്രെയിന്‍ യാത്ര തുടര്‍ന്നു ട്രെയിന്‍ തിരുവനന്തപുരത്തെത്തുന്നതോടെ ബോഗികളെല്ലാം അണുവിമുക്തമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും.