ഐസലേഷന്‍ ട്രെയിന്‍ കോച്ചുകള്‍ 60 ശതമാനം പഴയപടി ആക്കും

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ ഐസൊലേഷന്‍ ആക്കി മാറ്റിയ മൂവായിരത്തോളം ട്രെയിന്‍ കോച്ചുകള്‍ പഴയ രൂപത്തിലേക്കുതന്നെ മാറ്റും. ഇവ ശ്രമിക് ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കാനാണ് റെയില്‍വേയുടെ ആലോചന. ഇതിന് ഒരാഴ്ചയോളം വേണ്ടി വരും.
5231 കോച്ചുകളാണ് റെയില്‍വെ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത്. എന്നാല്‍ ദീര്‍ഘകാലമായി ഇവയെല്ലാം ഉപയോഗിക്കാതെ വെറുതെ കിടക്കുകയാണ്. അതിനിടെ, കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കാന്‍ ശ്രമിക്ക് തീവണ്ടികള്‍ വേണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചുതുടങ്ങി. ഇതോടെയാണ് ഐസോലേഷന്‍ കോച്ചുകളാക്കി മാറ്റിയവയില്‍ 60 ശതമാനം കോച്ചുകള്‍ വീണ്ടും പഴയ രൂപത്തിലാക്കുന്നത്.
കൊറോണ വൈറസ് ബാധ രൂക്ഷമാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് റെയില്‍വെ തീവണ്ടി കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റാന്‍ തുടങ്ങിയത്. 80,000ലേറെ കോവിഡ് 19 രോഗികളെ പ്രവേശിപ്പിക്കാന്‍ പാകത്തില്‍ അയ്യായിരത്തിലേറെ കോച്ചുകള്‍ ആദ്യം രൂപമാറ്റം വരുത്തി. 3.16 ലക്ഷം രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ 20,000 കോച്ചുകള്‍കൂടി രൂപമാറ്റം വരുത്താനും പിന്നീട് തീരുമാനിച്ചിരുന്നു.
കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി 200 ശ്രമിക് പ്രത്യേക ട്രെയിനുകളാണ് റെയില്‍വെ എല്ലാ ദിവസവും ഓടിക്കുന്നത്. ഇവയ്ക്ക് പുറമെ 200 പ്രത്യേക ട്രെയിനുകള്‍കൂടി ജൂണ്‍ ഒന്നുമുതല്‍ ഓടിക്കാന്‍ റെയില്‍വെ തീരുമാനമെടുത്തിട്ടുണ്ട്. തുരന്തോ, ജനശതാബ്ദി, സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് തുടങ്ങിയവയാണ് ഓടിക്കുന്നത്.