ടി.പി കേസ് പ്രതികള്‍ ജയിലില്‍ കഞ്ചാവ് വില്‍പ്പനയില്‍; ചോദ്യം ചെയ്ത സഹതടവുകാര്‍ക്ക് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്കെതിരെ സഹതടവുകാരുടെ പരാതി. പ്രതി ജയിലില്‍ തടവുകാരെ മര്‍ദിക്കുന്നതായാണ് പരാതി. ജയിലുനുളളിലെ പരാതിപെട്ടിയില്‍ നിന്നും പേര് വെയ്ക്കാതെ മനുഷ്യവകാശ കമ്മീഷന് അയച്ച കത്തിലാണ് പരാതിയുള്ളത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എംസി അനൂപിനെതിരെയാണ് പരാതിയുമായി സഹ തടവുകാർ രംഗത്ത് എത്തിയിരിക്കുന്നത്.

ജയിലിനുള്ളില്‍ ബീഡിയും കഞ്ചാവും എത്തിക്കാന്‍ സഹായിക്കാത്ത തടവുകാരെ അനൂപ് മര്‍ദിക്കുന്നുവെന്നും രാഷ്ട്രീയ സ്വാധീനത്താല്‍ ജയിലിലെ മേസ്തിരി സ്ഥാനം അനര്‍ഹമായി നേടിയെടുത്തതായും മനുഷ്യാവകാശ കമ്മീഷനിൽ അയച്ച പരാതിയിൽ പറയുന്നു. സംഭവത്തെ പറ്റി അന്വേഷിക്കാന്‍ മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ റീപ്പോർട്ടിൽ പറയുന്നത്. ജയിലില്‍ നിന്നും പുറം പണിക്ക് പോകുന്നവരോട് മദ്യവും, കഞ്ചാവും, ബീഡിയും എത്തിക്കാന്‍ ആവശ്യപ്പെടും. ഇതിന് വഴങ്ങാത്തവരെ അനൂപ് ക്രൂരമായി മര്‍ദിക്കുന്നുവെന്നും ഇത്തരത്തില്‍ മര്‍ദിച്ച രണ്ട് പേര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണെന്നും പരാതിയിലുണ്ട്.

അനൂപി ജയിലിൽ കഞ്ചാവി വിൽക്കുന്നു എന്നും പരാതിയിൽ പറയുന്നു. വിൽപന മാസ വരുമാനം 50,000 രൂപ വരെ. ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതി എം.സി.അനൂപാണു ജയിലിൽ പത്തിരട്ടി വിലയ്ക്ക് ലഹരി വിറ്റ് ‘ബിസിനസു’കാരനായി വിലസുകയാണെന്നും പരാതിയിൽ പറയുന്നു. ജയിലിലെ പരാതിപ്പെട്ടിയിൽ പേരു വയ്ക്കാതെ ലഭിച്ച പരാതി, തൃശൂർ സെഷൻസ് ജഡ്ജി മനുഷ്യാവകാശ കമ്മിഷനിലേക്ക് അയയ്ക്കുകയായിരുന്നു. കേസ് മാർച്ച് 15നു തൃശൂരിൽ പരിഗണിക്കും.