ശ്രീജിത്തിന് പിന്തുണയുമായി ടൊവിനോ തോമസ് സമരപ്പന്തലിൽ

തിരുവനന്തപുരം: സഹോദരന് നീതി തേടി സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടൻ ടൊവിനോ തോമസ്. സമരപ്പന്തലിൽ എത്തി ശ്രീജിത്തിനൊപ്പം സമരത്തിൽ പങ്കുചേർന്നാണ് ടൊവിനോ ഐക്യദാർഢ്യം അറിയിച്ചത്. സഹോദരൻ ശ്രീജിവ് പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 765 ദിവസം പിന്നിടുകയാണ്.

നിവിൻ പോളി, ജൂഡ് ആന്റണി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു.

2014 മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

അതേസമയം, ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ വർധിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തുടങ്ങിയ ക്യാംപെയിന് ദിനംപ്രതി പിന്തുണ വർധിക്കുകയാണ്. ക്യാംപെയിനിൽ പങ്കാളികളായ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ശ്രീജിത്തിന്റെ സമരത്തിന്റെ പിന്തുണ അറിയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ എത്തിയിട്ടുണ്ട്.