ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് രണ്ടു മാസത്തിനുശേഷം പിന്‍വലിക്കുന്നത്.

ജമ്മുകശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കിയതോടെയായിരുന്നു കശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഒക്ടോബര്‍ 10 വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് കശ്മീരിലേക്ക് വരാമെന്ന് കശ്മീര്‍ ഭരണകൂടം അറിയിച്ചു.

കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ഇത് വ്യാഴാഴ്ച മുതല്‍ നിലവില്‍വരുമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടവും അറിയിച്ചു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള നപടി സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരില്‍നിന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചിരുന്നു. വിനോദസഞ്ചാരികള്‍ കശ്മീര്‍ വിടണമെന്നായിരുന്നു നിര്‍ദേശം. ഭീകരാക്രമണ ഭീഷണി ഉള്‍പ്പെടെ മുന്‍നിര്‍ത്തി സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായിട്ടായിരുന്നു നടപടി.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏകദേശം 5 ലക്ഷം പേര്‍ കശ്മീര്‍ സന്ദര്‍ശത്തിനെത്തിയിരുന്നെന്നാണ് കണക്ക്.

ഭീകരവാദ ഭീഷണിയെത്തുടര്‍ന്ന അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് മുന്‍പ് ഏകദേശം 3.4 ലക്ഷം പേര്‍ കശ്മീര്‍ താഴ്‌വരയില്‍ എത്തിയിരുന്നു. ഈ സമയം കശ്മീരിലെ വിവിധ രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും കൂടുതല്‍ സേനയെ താഴ്വരയില്‍ വിന്യസിക്കുകയും ചെയ്തിരുന്നു.

കശ്മീരില്‍ പലയിടങ്ങളിലും ഇപ്പോള്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ ഇപ്പോഴും പുനഃസൃഷ്ടിച്ചിട്ടില്ല.