റുപേ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന സ്പർശന രഹിത ക്രെഡിറ്റ് കാർഡ്

ന്യൂഡൽഹി: റുപേ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന പുതിയ സ്പർശന രഹിത ക്രെഡിറ്റ് കാർഡ് ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസിയും എസ് ബി ഐ കാർഡും ചേർന്ന് സംയുക്തമായി പുറത്തിറക്കി. കേന്ദ്ര റെയിൽവേ വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പുതിയ ക്രെഡിറ്റ് കാർഡ് രാജ്യത്തിന് സമർപ്പിച്ചു.

മേയ്ക്ക് ഇൻ ഇന്ത്യ മുന്നേറ്റത്തിനു കീഴിൽ റെയിൽവേ മന്ത്രാലയം നടത്തുന്ന നിരവധി പ്രവർത്തനങ്ങളിൽ ഒന്നാണ് ഐആർസിടിസിയും, എസ് ബി ഐ കാർഡും ചേർന്ന് പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ ക്രെഡിറ്റ് കാർഡ് എന്ന് കേന്ദ്ര മന്ത്രി ചടങ്ങിൽ അഭിപ്രായപ്പെട്ടു.

ഉപഭോക്താക്കൾക്ക് സുരക്ഷിത വിനിമയം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ(NFC) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ
റുപേ ക്രെഡിറ്റ് കാർഡ് പ്രവർത്തിക്കുക. ഇടപാട് നടത്തേണ്ട POS മെഷീനിൽ സ്വൈപ്പ് ചെയ്യുന്നതിന് പകരം,പുതിയ കാർഡ്
ചെറുതായി തട്ടിയാൽ മതിയാകും.

സ്ഥിരമായി യാത്ര ചെയ്യുന്ന റെയിൽവേ യാത്രക്കാർക്കായി യാത്രയുടെ ദൈർഘ്യത്തിനു ആനുപാതികമായി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ചില്ലറ ഇടപാടുകൾ, ഭക്ഷണശാലകൾ, വിനോദ ഉപാധികൾ എന്നിവിടങ്ങളിൽ ഈ കാർഡ് സൗകര്യം ഉപയോഗപ്പെടുത്തുന്നവർക്ക് പ്രത്യേക ഇളവുകൾ ലഭിക്കും. ഇതിന് പുറമേ ഇടപാട് നിരക്കിലും (Transaction fee ) ഇളവ് ഉണ്ടാകും.

കാർഡ് ഉടമകൾ, ഐ ആർ സി ടി സി വെബ്സൈറ്റ് മുഖേന നടത്തുന്ന ഫസ്റ്റ് എസി, സെക്കൻഡ് എസി, തേഡ് എസി, എക്സിക്യൂട്ടീവ് ചെയർ കാർ, എസി ചെയർകാർ ബുക്കിംഗുകൾക്ക് 10 ശതമാനം വരെ വാല്യൂ ബാക്കും ലഭിക്കും.

ഓൺലൈൻ ഇടപാടുകളിൽ, ഇടപാട് തുകയുടെ ഒരു ശതമാനം വരെ ഇടപാട് സേവനനിരക്കിൽ കുറവുണ്ടാകും.

ഇതിനു പുറമേ ഒരു ശതമാനം ഇന്ധന സർചാർജ് ഇളവും, റെയിൽവേ സ്റ്റേഷനുകളിലെ പ്രീമിയം ലോഞ്ച് സൗകര്യം ഒരു പാദത്തിൽ ഒരു തവണ എന്ന കണക്കിൽ പ്രതി വർഷം നാലു തവണ സൗജന്യമായി ഉപയോഗപ്പെടുത്താനും കാർഡുടമകൾക്ക് സാധിക്കും.

കാർഡ് ആക്ടിവെറ്റ് ആക്കുമ്പോൾ കാർഡുടമകൾക്ക് 350 ബോണസ് റിവാർഡ് പോയിന്റ്കളും ലഭിക്കും.

ഇത്തരം പോയിന്റുകൾ ഐആർസിടിസിയുടെ വെബ്സൈറ്റ് മുഖാന്തരം നടത്തുന്ന ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകളിൽ ഉപയോഗപ്പെടുത്താവുന്നതാണ്. ട്രെയിൻ യാത്രയിലെ ഇളവുകൾ ക്ക് പുറമേ നിരവധി ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകളിലും ഐആർസിടിസി എസ് ബി ഐ കാർഡ്, നിരവധി സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം ഇ-കൊമേഴ്സ് സൈറ്റുകളിൽ നടത്തുന്ന ഇടപാടുകളിൽ ഈ കാർഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവ് നേടാവുന്നതാണ്.