കൊളീജിയം യോഗം ഇന്ന്; സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് പരിഗണിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തിന് സാധ്യത

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിലേക്ക് ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് വീണ്ടും നിര്‍ദ്ദേശിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി കൊളീജിയം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് നാലേകാലിന് കൊളീജിയം യോഗം ചേരും.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന കൊളീജിയം യോഗം ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ സുപ്രീംകോടതി ജഡ്ജിമാരുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ട സാഹചര്യത്തിലാണ് അന്തിമ തീരുമാനം ഇന്നത്തേക്ക് മാറ്റിയത്. ആന്ധ്ര, തെലങ്കാന, കൊല്‍ക്കത്ത, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതിയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച തീരുമാനവും ഇന്നുചേരുന്ന കൊളീജിയം എടുത്തേക്കും.