ഐ.പി.എല്ലില്‍ ഇന്ന് ഇരട്ട മത്സരങ്ങള്‍

ബംഗളൂരു: ഐ.പി.എല്ലില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍ നടക്കും. വൈകിട്ട് നാലിന് പഞ്ചാബ് കൊല്‍ക്കത്തയെയും രാത്രി എട്ടിന് റോയല്‍ ചലഞ്ചേഴ്‌സ് ഡല്‍ഹിയെയും നേരിടും. പഞ്ചാബിനും കൊല്‍ക്കത്തക്കും ഇന്നത്തെ കളി നിര്‍ണായകമാകും. അഞ്ച് ജയവും ആറ് തോല്‍വിയുമുള്ള കൊല്‍ക്കത്ത ഐ.പി.എല്‍ പട്ടികയില്‍ 10 പോയിന്റോടെ അഞ്ചാം സ്ഥാനത്തും ആറ് ജയവും നാല് തോല്‍വിയുമുള്ള പഞ്ചാബ് 12 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണുള്ളത്.

ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് ഉറപ്പിക്കണമെക്കില്‍ ഇന്നത്തെ കളി ജയിച്ചേ തീരു. പഞ്ചാബ് ബൗളിങ്ങില്‍ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്, അതിനോടൊപ്പം മുന്‍ നിര താരങ്ങളായ കെ.എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, കരുണ്‍ നായര്‍ എന്നിവര്‍ റണ്‍സ് എടുത്താല്‍ പഞ്ചാബിന് വിജയം ഉറപ്പിക്കാനാകും.

രണ്ടാമത്തെ കളിയില്‍ ബാംഗ്ലൂര്‍ ഡല്‍ഹിയെ നേരിടും. പത്ത് കളിയില്‍ ഏഴിലും തോറ്റ ബാംഗ്ലൂര്‍ 6 പോയിന്റോടെ ഐ.പി.എല്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണുള്ളത്. മറ്റ് ടീമുകളായ കൊല്‍ക്കത്ത, പഞ്ചാബ്, മുംബൈ എന്നിവരുടെ മത്സര ഫലങ്ങള്‍ അനുസരിച്ചായിരിക്കും ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യത. കോലി, ഡിവില്ലിയേഴ്‌സ്, മെക്കല്ലം എന്നിവരുടെ മോശമായ ബാറ്റിങ്ങും തീരെ തൃപ്തികരമല്ലാത്ത ബൗളിങ് നിരയുമാണ് ബാംഗ്ലൂരിന്റെ അധഃപതനത്തിനു കാരണം. എട്ടു കളികളും തോറ്റ ഡല്‍ഹിക്ക് ഇത് അഭിമാന പോരാട്ടവും ഏഴില്‍ തോറ്റ ബാംഗ്ലൂരിന് ഭാഗ്യ പരീക്ഷണവുമാണ്.