ഐ.പി.എല്‍; ഇന്ന് എലിമിനേറ്റര്‍ പോരാട്ടം; കൊല്‍ക്കത്തയും റോയല്‍സും നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍ കൊല്‍ക്കത്ത എലിമിനേറ്റര്‍ പോരാട്ടം. രാത്രി ഏഴിന് കൊല്‍ക്കത്തയിലെ ഏദെന്‍ ഗാര്‍ഡന്‍ ഗ്രൗണ്ടിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. നിര്‍ണായക മത്സരത്തില്‍ തോല്‍ക്കുന്ന ടീം മത്സരത്തില്‍ നിന്നും നേരിട്ട് പുറത്താകുകയും ജയിക്കുന്ന ടീം മെയ് 25 വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടുകയും ചെയ്യും. ഇതില്‍ ജയിക്കുന്നവരാകും ഫൈനലില്‍ ചെന്നൈയോടൊപ്പം ഏറ്റുമുട്ടേണ്ടി വരിക.

ഐ.പി.എല്ലിലെ വമ്പന്‍മാരാണ് ഇരുടീമുകളും. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിലൂടെ അണിനിരക്കുന്ന കൊല്‍ക്കത്തയ്ക്ക് ഓള്‍ റൗണ്ടറായ സുനില്‍ നരെയ്ന്‍, ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍ എന്നിവരുടെ പിന്തുണ ഏറെ ഗുണം ചെയ്യും.

രാജസ്ഥാനില്‍ മികച്ച റണ്‍വേട്ടക്കാരായ രാഹുല്‍ ത്രിപതി, സഞ്ജു സാംസണ്‍, എന്നിവരോടൊപ്പം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും പേസ് ബൗളര്‍ ജോഫ്രാ ആര്‍ച്ചെറും കൂടെ ചേരുമ്പോള്‍ കളിയുടെ നിലയാകെ മാറി മറിയും. കൂടാതെ ഏദെന്‍ ഗാര്‍ഡന്‍ ഗ്രൗണ്ടില്‍ ഇരു ടീമുകളും ഏറ്റു മുട്ടിയ 6 കളികളില്‍ അഞ്ചും വിജയിച്ചത് കൊല്‍ക്കത്തയാണെന്നത് റോയല്‍സിന് വെല്ലുവിളിയുയര്‍ത്തുന്ന ഘടകമാണ്.