ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ-രാജസ്ഥാന്‍ പോരാട്ടം

 

ജയ്പൂര്‍: ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാജസ്ഥാന് ഇന്നത്തെ കളി നിര്‍ണായകമാണ്. മത്സരം രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്ക് നടക്കും. 10 കളികളില്‍ നിന്നായി 14 പോയിന്റോടെ ഐ.പി.എല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. എന്നാല്‍ 10 കളികളില്‍ നിന്ന് 8 പോയിന്റോടെ രാജസ്ഥാന് ആറാം സ്ഥാനമാണുള്ളത്.

രാജസ്ഥാന്‍ നാല് മാച്ചുകള്‍ ജയിച്ചതില്‍ മൂന്നും ഹോം ഗ്രൗണ്ടായ സവായ് മന്‍സിംഗില്‍ വെച്ചാണ് എന്നത് രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നു. ബാറ്റിങ്ങിന് നല്ല ഫോം ഉള്ള ചെന്നൈ ബൗളിങ്ങിന്റെ കാര്യത്തില്‍ അല്പം പുറകോട്ടാണ്. ചെന്നൈയുടെ ബാറ്റ്‌സ്മാന്‍മാരായ അമ്പാട്ടി റായിഡു, ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സണ്‍, വെസ്റ്റ് ഇന്ത്യന്‍ ഡ്വെയ്ന്‍ ബ്രാവോ, മറ്റ് ഇന്ത്യന്‍ താരങ്ങളായ ധോണി, സുരേഷ് റെയ്‌ന എന്നിവര്‍ നല്ല ഫോമിലാണ്. അതിനാല്‍ തന്നെ കളിയില്‍ ചെന്നൈക്കാണ് മുന്‍തൂക്കം.

സ്‌കോര്‍ പട്ടികയില്‍ സൂപ്പര്‍ കിംഗ്‌സിലെ അമ്പാട്ടി റായിഡു 10 കളിയില്‍ 423 റണ്‍സോടെ മൂന്നാം സ്ഥാനത്തും നായകന്‍ ധോണി 360 റണ്‍സോടെ ഏഴാം സ്ഥാനത്തും ഉണ്ട്.