ബാബുല്‍ സുപ്രിയോ ബി.ജെ.പിയുടെ കയ്യിലെ കുരങ്ങാണെന്നും, കൂട്ടിൽ പൂട്ടിയിടാൻ കഴിയുമെന്ന് തൃണമൂല്‍ നേതാവ്

thivari-babul supriyo

അസന്‍സോൾ: അസന്‍സോളിലെ എം.പിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോ ബി.ജെ.പിയുടെ കയ്യിലെ കുരങ്ങാണെന്നും അദ്ദേഹത്തെപ്പോലുള്ള കുരങ്ങുകളെ കൂട്ടില്‍ പൂട്ടിയിടാനുള്ള കഴിവ് തങ്ങളുടെ പാര്‍ട്ടിക്കുണ്ടെന്നും അസന്‍സോള്‍ മേയറും തൃണമൂല്‍ നേതാവുമായ ജെ. തിവാരി.

‘ ബാബുല്‍ സുപ്രിയോ, നിങ്ങള്‍ ബി.ജെ.പിയുടെ കയ്യിലെ കുരങ്ങാണെങ്കില്‍ നിങ്ങളെ പൂട്ടിയിടാനുള്ള കൂട് ഞങ്ങള്‍ അസന്‍സോളില്‍ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങളെപ്പോലുള്ള കുരങ്ങുകളെ എങ്ങനെ പൂട്ടിയിടണമെന്ന് ഞങ്ങള്‍ക്കറിയാം’- എന്നായിരുന്നു തിവാരി പറഞ്ഞത്.

പശ്ചിമബംഗാളിലെ അസന്‍സോളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെപി സംഘര്‍ഷം നടന്നതിന് പിന്നാലെയാണ് തിവാരിയുടെ പ്രതികരണം. സംഭവത്തില്‍ 13 ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

പൊലീസുമായി ഏറ്റുമുട്ടിയ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. അസന്‍സോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. ഇതോടെ പൊലീസ് ലാത്തിവീശി. എന്നാല്‍ ലാത്തിച്ചാര്‍ജ്ജിന് ശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ സംഘടിച്ച് പൊലീസിന് നേരെ തിരിയുകയായിരുന്നു.

ആക്രമണം അഴിച്ചുവിടുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ബി.ജെ.പി പ്രകടനം നടത്തിയതെന്നും എന്നാല്‍ കോര്‍പ്പറേഷന്റെ ഗേറ്റ് പോലും തൊടാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും ജെ. തിവാരി പ്രതികരിച്ചു.