ജി.എസ്.ടി മൈഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ആഗസ്റ്റ് 31 വരെ അവസരം

തിരുവനന്തപുരം: ജി.എസ്.ടി മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വ്യാപാരികള്‍ക്ക് ആഗസ്റ്റ് 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് അറിയിച്ചു.
വാറ്റ്, സര്‍വീസ് ടാക്‌സ് തുടങ്ങിയ രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന വ്യാപാരികള്‍ക്കാണ് ജി.എസ്.ടി യിലേക്ക് മാറുന്നതിന് താല്‍ക്കാലിക ഐഡി നല്‍കിയിരുന്നത്. താല്‍ക്കാലിക ഐഡി ലഭിച്ചിട്ടും ജി.എസ്.ടി മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത വ്യാപാരികള്‍ക്കാണ് ഈ അവസരം. വ്യാപാരികള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ തയ്യാറാക്കി ജി.എസ്.ടി അധികാരിക്ക് നേരിട്ട് സമര്‍പ്പിക്കണം. തുടര്‍ന്ന് ഓണ്‍ലൈനായി രജിസ്റ്റ്രേഷന്‍ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ ജി.എസ്.ടി അധികാരി അംഗീകരിക്കുന്നതോടെ പുതിയ ജി.എസ്.ടി നമ്പര്‍ വ്യാപാരിയുടെ ഇ-മെയിലില്‍ ലഭിക്കും. തുടര്‍ന്ന് ജി.എസ്.ടി. നമ്പര്‍, ആക്‌സസ് ടോക്കണ്‍, എ.ആര്‍.എന്‍. നമ്പര്‍ എന്നിവയും പഴയ ജി.എസ്.ടി നമ്പരും സെപ്തംബര്‍ 30 ന് മുന്‍പായി migration@gstn.org.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ച് കൊടുക്കണം.

മൈഗ്രേഷന്‍ പൂര്‍ത്തിയാക്കുന്ന വ്യാപരികള്‍ക്ക് 2017 ജൂലൈ ഒന്നു മുതല്‍ തന്നെ രജിസ്റ്റ്രേഷന്‍ ലഭ്യമായതായി കണക്കാക്കാം. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ 31/2018 പ്രകാരമുള്ള കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ചരക്ക് സേവന നികുതിവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലഭ്യമാണ്.