തുഷാർ വെള്ളാപ്പള്ളിക്കെതിരായ കേസിൽ വാദം നിലനിൽക്കില്ലെന്ന് കോടതി

അജ്മാൻ: തുഷാർ വെള്ളാപ്പള്ളിക്കെതിരെ നിലവിലുണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളി. പരാതിക്കാരന്‍റെ വാദം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ ഹർജി കോടതി തള്ളിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നാസിൽ കോടതിയിൽ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകി.

നേരത്തേ നാട്ടിലേക്ക് തുഷാർ പോകുന്നത് തടയാൻ നാസിൽ നൽകിയ സിവിൽ കേസും കോടതി തള്ളിയിരുന്നു. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ തുഷാർ വാദിച്ചിരുന്നു.