തുഷാറിനെതിരെയുള്ള കേസ് ഒത്തുതീർപ്പായില്ല; യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെയ്ക്കാൻ പുതിയ നീക്കം

ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരേ യു.എ.ഇ.യിലുള്ള ചെക്ക് കേസ് കോടതിയിലും ഒത്തുതീർപ്പായില്ല. തുഷാർ വാഗ്ദാനംചെയ്ത തുക കുറവാണെന്ന് പരാതിക്കാരനായ നാസിൽ അബ്ദുള്ള പറഞ്ഞതോടെയാണ് പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയിലുള്ള ചർച്ചകൾ പരാജയപ്പെട്ടത്.

ഒത്തുതീർപ്പാകാത്ത സാഹചര്യത്തിൽ തുഷാർ വെള്ളാപ്പള്ളി യാത്രാ വിലക്ക് ഒഴിവാക്കാൻ പുതിയ വഴി തേടുന്നു. യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം. ഇതിനായി തുഷാർ ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്തുതീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്.

എന്നാൽ സ്വദേശി പൗരന്റെ ആൾ ജാമ്യത്തിൽ യുഎഇ വിടാൻ കഴിയും എന്നാണ് തുഷാറിന് ലഭിച്ച നിയമോപദേശം. തുഷാറിന്റെ സുഹൃത്തായ യുഎഇ പൗരന്റെ പേരിൽ കേസിന്റെ പവർ ഓഫ് അറ്റോർണി കൈമാറുകയും അതു കോടതിയിൽ സമർപ്പിക്കാനുമാണ് തീരുമാനം. തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശിയുടെ പാസ്പോര്‍ട്ട് മാത്രമേ സ്വീകാര്യമാവൂ.

സ്വദേശിയുടെ പാസ്പോര്‍ട്ടിൻമേലുള്ള ജാമ്യത്തിൽ നാട്ടിലേക്കു മടങ്ങിയാല്‍ വിചാരണയ്ക്കും മറ്റുമായി കോടതി വിളിപ്പിക്കുമ്പോൾ യുഎഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും. തുഷാർ തിരിച്ച് എത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ പാസ്പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശി ഉത്തരവാദിയാകും. ആൾ ജാമ്യത്തിനൊപ്പം കൂടുതൽ തുകയും കോടതിയിൽ കെട്ടിവയ്‌ക്കേണ്ടി വരും.

അജ്മാൻ കോടതിയിൽ തിങ്കളാഴ്ച കേസിന്റെ വിവര-തെളിവ് ശേഖരണം നടന്നു. നാസിൽ തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാർ കോടതിയിൽ പറഞ്ഞു. എങ്കിൽ എന്തുകൊണ്ട് മോഷണസമയത്ത് പരാതി നൽകിയില്ലെന്ന് കോടതി ചോദിച്ചു. ചെക്ക് മോഷ്ടിച്ചതാണെങ്കിൽ അതിന് പ്രത്യേക പരാതി നൽകണമെന്നും ആ വാദം ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ലെന്നും പ്രോസിക്യൂട്ടർ നിലപാടെടുത്തു.

തന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പു ചർച്ചകൾക്ക് തയ്യാറാണോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് തയ്യാറെന്നായിരുന്നു ഇരുവരുടെയും മറുപടി. തുടർന്ന് തുഷാറിനെതിരായ കേസ് പിൻവലിക്കാൻ നാസിൽ ഒരു തുക ആവശ്യപ്പെട്ടു. ആ തുക തുഷാറിന് സ്വീകാര്യമായില്ല. അതോടെ ചെക്ക് കേസ് ഒത്തുതീർപ്പാക്കാനുള്ള അജ്മാൻ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞ് പ്രോസിക്യൂട്ടർ ഇരുവരെയും വീണ്ടും വിളിപ്പിക്കും.

പത്തൊമ്പത് കോടി രൂപ മുഴുവനും കിട്ടിയാൽമാത്രമേ പരാതി പിൻവലിക്കൂവെന്നാണ് നാസിലിന്റെ നിലപാട്.