പ്രതികളുമായി ത്രില്ലടിപ്പിച്ച കാര്‍യാത്ര, വഴിനീളെ പ്രതിഷേധം

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസിലെത്തിക്കുന്നതു വരെയുള്ള യാത്രക്കിടെയില്‍ ദേശീയപാതയോരത്ത് യൂത്ത് കോണ്‍ഗ്രസ്, ബിജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി.
പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍.ഐ.എ. ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. പ്രതികളെ പിടികൂടിയ എന്‍.ഐ.എയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചും സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തിയുമാണ് പ്രവര്‍ത്തകരെത്തിയത്.
ആലുവ കമ്പനിപ്പടിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചു. ഇതിനെത്തുടര്‍ന്ന് അല്പസമയം യാത്ര തടസ്സപ്പെട്ടു. പോലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.
ഞായറാഴ്ച രാവിലെ 11.15 ഓടെയാണ് പ്രതികളുമായി എന്‍.ഐ.എ. വാഹനവ്യൂഹം വാളയാര്‍ അതിര്‍ത്തി കടന്നത്. അതുവരെ വരുന്നവഴിയേതെന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. മുത്തങ്ങ വഴി വരുമെന്ന അഭ്യൂഹവുമുണ്ടായിരുന്നു. എന്നാല്‍, വാളയാര്‍ വഴി പാഞ്ഞു വന്ന രണ്ട് വാഹനങ്ങളിലാണ് പ്രതികളെ കൊണ്ടുവരുന്നതെന്ന് തിരിച്ചറിഞ്ഞു. ഇവിടെ പ്രതിഷേധിക്കാന്‍ എത്തിയ കോണ്‍ഗ്രസുകാര്‍ക്ക് ചാടിവീഴാന്‍ സമയം കിട്ടും മുമ്പുതന്നെ വാഹനങ്ങള്‍ പാഞ്ഞുപോയി.
ഇതിനിടെ, വാഹനങ്ങളെ ലൈവായി പിന്തുടരാന്‍ പ്രമുഖ ചാനലുകള്‍ വാഹനങ്ങള്‍ തയ്യാറാക്കി നിറുത്തിയിരുന്നു. അവരും പിന്നാലെ പാഞ്ഞു ദൃശ്യങ്ങള്‍ പകര്‍ത്തി ആളുകളെ രസിപ്പിച്ചു. ഇതിനിടെ, വടക്കഞ്ചേരിക്ക് സമീപം സ്വപ്നയെ കയറ്റിയ സ്‌കോര്‍പിയോയുടെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് സന്ദീപ് നായരെ കയറ്റിയ ഇന്നോവയില്‍ത്തന്നെ സ്വപ്‌നയെയും കയറ്റി സംഘം യാത്ര തുടര്‍ന്നു. പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയില്‍ പ്രതിഷേധിക്കാരെ ഒഴിവാക്കാന്‍ എതിര്‍വശത്തേക്കുള്ള ട്രാക്കിലൂടെയാണ് എന്‍.ഐ.എ. വാഹനവ്യൂഹം സഞ്ചരിച്ചത്.