എവറസ്റ്റ് കീഴടക്കിയെന്ന് മൂന്ന് ഇന്ത്യക്കാർ: അന്വേഷണത്തിന് നേപ്പാൾ ഉത്തരവിട്ടു

ഡൽഹി: എവറസ്റ്റ് കീഴടക്കിയെന്ന മൂന്ന് ഇന്ത്യക്കാരുടെ അവകാശവാദം വ്യാജമാണെന്ന സംശയത്തെത്തുടര്‍ന്ന് നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മെയ് 26-ന് ഇവര്‍ എവറസ്റ്റ് കീഴടക്കിയെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഇതു വ്യാജമാണെന്നു പല ആരോപണങ്ങളുമുണ്ടായിരുന്നു.

ഹരിയാന സ്വദേശികളായ വികാസ് റാണ, ശോഭാ ബന്‍വാല, അങ്കുഷ് കസാന എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എവറസ്റ്റ് കയറിയതിനുള്ള തെളിവുകള്‍ സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എവറസ്റ്റ് കീഴടക്കാന്‍ 1,300 മീറ്റര്‍ കൂടി ബാക്കിയുള്ളപ്പോള്‍ മൂന്നാമത്തെ ക്യാമ്പില്‍ വെച്ച് ഇവര്‍ കയറ്റം നിര്‍ത്തിയതായി ഹിമാലയന്‍ ടൈംസ് എന്ന നേപ്പാള്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണു സംഭവം വിവാദമായത്.

ഈ വാദം സാധൂകരിക്കുന്നതിനായി പത്രം തന്നെ ചില കാര്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. അതില്‍ പ്രധാനമായും, എവറസ്റ്റിന്റെ മുകളില്‍ ചെന്നു തങ്ങള്‍ നില്‍ക്കുന്നതിന്റെ ഒരു ഫോട്ടോ പോലും ഇവര്‍ എടുത്തില്ല എന്നതാണ്. ഓരോ പര്‍വതാരോഹകനും ഒപ്പം സഞ്ചരിക്കുന്ന ഷെര്‍പ എന്നു വിളിക്കുന്നയാളുകള്‍ ഇവര്‍ ഉന്നയിക്കുന്ന അവകാശവാദത്തിനൊപ്പം നിന്നിട്ടില്ലെന്നതും പത്രം ചൂണ്ടിക്കാട്ടുന്നു.

ഷെര്‍പകളുടെ പേരുകള്‍ ഓര്‍മിച്ചെടുക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു മൂവരും ഇതിനു മറുപടിയായി പറഞ്ഞത്. തങ്ങളോടൊപ്പം നാല് ഷെര്‍പകള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം തെളിയാത്തതിനാല്‍ നേപ്പാളിലെ ടൂറിസം വകുപ്പ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമില്ല.