യു എ ഇയിൽ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ദുബായ്: വിസാ നിയമം ലംഘിച്ച് തങ്ങുന്ന പ്രവാസികൾക്ക് പിഴയില്ലാതെ മടങ്ങാൻ നവംബർ 17 വരെ സമയം
യു എ ഇയിൽ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി

യു എ ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.
വിസാ നിയമം ലംഘിച്ച് യു എ ഇയിൽ തങ്ങുന്ന പ്രവാസികൾക്ക് പിഴയില്ലാതെ മടങ്ങാൻ നവംബർ 17 വരെ സമയം അനുവദിച്ചു. മെയ് 18 ന് പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് നടപടി.

മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുക. സന്ദകർശക വിസ, താമസവിസ, കുടുംബവിസ തുടങ്ങി എല്ലാ വിസക്കാർക്കും ഈ ആനുകൂല്യമുണ്ട്. ഇവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ നവംബർ 17 വരെ സമയം ലഭിക്കും. എന്നാൽ, മാർച്ച് ഒന്നിന് ശേഷം വിസാ കാലാവധി തീർന്നവർക്കും, വിസ റദ്ദാക്കിയവർക്കും ഈ ആനുകൂല്യം ലഭിക്കില്ല. പൊതുമാപ്പ് ആനുകൂല്യത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് പിന്നീട് തിരിച്ചുവരാൻ വിലക്കുണ്ടാവില്ലെന്ന് പ്രഖ്യാപനം നടത്തിയ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റഖാൻ അൽ റാശിദി വ്യക്തമാക്കി.
മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീർന്നവർക്ക് പാസ്പോർട്ടും ടിക്കറ്റും കൈവശമുണ്ടെങ്കിൽ മറ്റ് മുൻകൂർ നടപടികളില്ലാതെ നാട്ടിലേക്ക് പോകാം. ദുബൈ വിമാനത്താവളം വഴി മടങ്ങുന്നവർ 48 മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിൽ എത്തണം. അബൂദബി, ഷാർജ, റാസൽഖൈമ എയർപോർട്ടുകൾ വഴി മടങ്ങുന്നവർ ആറ് മണിക്കൂറ് മുമ്പും എമിഗ്രേഷൻ വിഭാഗത്തിൽ എത്തണം. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന കുടുംബങ്ങൾ ഒന്നിച്ചാണ് തിരിച്ചുപോകേണ്ടതെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 800 453 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാം.