മധ്യപ്രദേശിൽ നിർണായകനീക്കവുമായി ബിജെപി; നിയമസഭാ വിളിക്കണമെന്ന് ഗവർണർക്ക് കത്ത് നൽകി

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി. സംസ്ഥാനത്തെ കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി വ്യക്തമാക്കുന്നു. വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി.

കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിടാൻ ഒരുങ്ങിയെന്നും ബിജെപി വെളിപ്പെടുത്തുന്നു. എക്സിറ്റ് പോള്‍ പ്രവചനങ്ങളും മധ്യപ്രദേശില്‍ അനുകൂലമാകാമെന്നതാണ് ബിജെപിയുടെ തിടുക്കത്തിലുള്ള നീക്കത്തിന് പിന്നില്‍. മധ്യപ്രദേശിൽ ശിവ്‍രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ 15 വർഷത്തെ ഭരണത്തിന് ശേഷമാണ് ഇത്തവണ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത്. ഇവിടെ കോൺഗ്രസിന് എസ്‍പിയുടെയും ബിഎസ്‍പിയുടെയും പിന്തുണയുമുണ്ട്.

ആകെ 231 സീറ്റുകളിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 120 എംഎൽഎമാരുടെ പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്. പ്രതിപക്ഷമായ എൻഡിഎ സഖ്യത്തിന് ഇവിടെ 109 സീറ്റുകളാണുള്ളത്. കോൺഗ്രസിന് 113 സീറ്റുകൾ, ബിഎസ്‍പി 2, എസ്‍പി 1, സ്വതന്ത്രർ 4 എന്നിങ്ങനെയാണ് ഭരണപക്ഷമായ കോൺഗ്രസിന്‍റെ പിന്തുണ.

വൈകിട്ടോടെ ഗവർണറെ കാണാൻ ബിജെപി സമയം തേടിയിട്ടുമുണ്ട്.