ഉറവിടമറിയാത്ത രണ്ട് കേസുകൾ കൂടി: നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി നഗരസഭ.

തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്‌സിൽ ജോലി ചെയ്തിരുന്ന
അതിഥി തൊഴിലാളിയായ ആസാം സ്വദേശിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ പാളയം സാഫല്യം കോപ്ലക്‌സ് ഒരാഴ്ച്ചത്തേക്ക് അടച്ചിടുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. മുൻകരുതലുകളുടെ ഭാഗമായി സാഫല്യം കോംപ്ലക്സിന്
സമീപത്തുള്ള പാളയം മാർക്കറ്റിലെ പിറകിലെ വഴിയിലൂടെയുള്ള പ്രവേശനം താൽക്കാലികമായി അവസാനിപ്പിക്കും.
പ്രധാന ഗേറ്റിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും.
പാളയം മാർക്കറ്റിന് മുൻപിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമുണ്ടാകും.

ആൾക്കൂട്ടം കുറക്കുന്നതിനായി
ചാല,പാളയം മാർക്കറ്റുകളിലും
നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലും മാത്രമായി നഗരസഭ ഏർപ്പടുത്തിയിരുന്ന നിയന്ത്രണങ്ങൾ നഗരത്തിലെ തിരക്കുള്ള മുഴുവൻ സൂപ്പർ മർക്കറ്റുകളിലേക്കും,മറ്റ് മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയർ പറഞ്ഞു.

ആൾക്കൂട്ടമുണ്ടാകുന്ന
ബസ് സ്റ്റോപ്പുകൾ,ഓഫീസുകൾ,അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തും.
ഇതിനായി പൊലീസിന്റെ സഹായവും പ്രയോജനപ്പെടുത്തും.

കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തും.

ബുധനാഴ്ച്ച പൂന്തുറയിലുള്ള മത്സ്യ തൊഴിലാളിക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ തീരദേശ മേഖല കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുതായി ബീമാപള്ളി ഹോസ്‌പിറ്റൽ ക്വാറന്റെയിൻ സെന്ററാക്കി നഗരസഭ മാറ്റിയിട്ടുണ്ട്.

തീരദേശ മേഖല കേന്ദ്രീകരിച്ച് അടിയന്തരമായി അഞ്ച് പുതിയ ഇൻസ്റ്റിട്യൂഷൻ ക്വാറന്റെയിൻ സെന്ററുകൾ കൂടി ആരംഭിക്കുമെന്നും മേയർ പറഞ്ഞു.
തീരദേശ മേഖല കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും.

നഗരത്തിലെ സാഹചര്യം കണക്കിലെടുത്ത്
നഗരത്തിൽ നടത്തുന്ന സമരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ സ്വയം നിയന്ത്രണത്തിന് തയ്യാറാവണമെന്നും മേയർ അഭ്യർത്ഥിച്ചു.

ഉറവിടമറിയതെ രോഗം സ്ഥിതീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിന് തയ്യാറാവണമെന്നും മേയർ അഭ്യർത്ഥിച്ചു.