തിരുവല്ലത്ത്‌ കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശവനിത ലിഗയുടേതെന്ന്‌ സംശയം.മൃതദേഹം ശിരസ്സറ്റ നിലയിൽ.

തിരുവനന്തപുരം:തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടൽക്കാട്ടിനുള്ളിൽ ശിരസ്സറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം ആയുർവേദ ചികിൽസയ്ക്കായി ലിത്വേനിയയിൽനിന്നു തിരുവനന്തപുരത്തെത്തി കാണാതായ ലിഗയുടേതെന്നു സംശയം ബലപ്പെടുന്നു. ഭർത്താവ് ആൻഡ്രൂസും സഹോദരി ഇലീസും സ്ഥലത്തെത്തി. മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേതാണെന്നു സഹോദരി തിരിച്ചറിഞ്ഞു.
ശാസ്ത്രീയപരിശോധനകളുടെ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്.

കൊലപാതകം ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കുമെന്നു ഡിസിപി ജി.ജയദേവ് പറഞ്ഞു. മൃതദേഹം ലിഗയുടേതാവാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേക്കു മാറ്റി. മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്.

അതേസമയം, വസ്ത്രങ്ങൾ ലിഗയുടേതാണെങ്കിലും മൃതദേഹത്തിലുള്ള ജാക്കറ്റും ചെരുപ്പും ലിഗയുടേതല്ലെന്നു സഹോദരി ഇലീസ് പറഞ്ഞു. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല. കൊലപാതകമാണെന്നു സംശയിക്കുന്നതായും ഇലീസ് പറഞ്ഞു. മൃതദേഹത്തിനു സമീപം മൂന്ന് സിഗരറ്റ് കൂടുകൾ, ലൈറ്റർ, കുപ്പിവെള്ളം എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലിഗയ്ക്ക് പുകവലിക്കുന്ന ശീലമുണ്ടായിരുന്നതായും സൂചനയുണ്ട്.

വിഷാദരോഗബാധിതയായ ലിഗ(33) ആയുർവേദ ചികിൽസക്കിടെ പോത്തൻകോട് നിന്ന് കഴിഞ്ഞ മാർച്ച് 14നാണ് കാണാതായത്. തുടർന്നു ഭർത്താവ് ആൻഡ്രൂസും ലിഗയുടെ സഹോദരി ഇലീസും പൊലീസ് പരാതി നൽകിയിരുന്നു. വിവരങ്ങളൊന്നും ലഭിക്കാഞ്ഞതിനെത്തുടർന്ന് ലിഗയുടെ ചിത്രമടങ്ങിയ പോസ്റ്ററുകൾ വിവിധയിടങ്ങളിൽ പതിച്ചു. ലിഗയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചാണ് പോസ്റ്ററുകൾ പതിച്ചത്. തുടർന്ന് മറ്റ് ജില്ലകളിലേക്കും ഇവർ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് വിവരം പൊലീസിനെ അറിയിച്ചത്. തല വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലുകൾ നിലത്ത് നീട്ടിവച്ച നിലയിലും രണ്ടു കൈകൾ വള്ളിപ്പടർപ്പിൽ തൂങ്ങിയ നിലയിലുമാണ് കാലുറകളും ടീ-ഷർട്ടും ഇതിനു മുകളിൽ ബനിയൻ സമാനമായ വസ്ത്രവുമാണ് മൃതദേഹത്തിലുള്ളത്. കാൽപ്പത്തികൾ ജീർണിച്ചു കഴിഞ്ഞു. അര മീറ്റർ ദൂരെ മാറിയാണ് തല കണ്ടെത്തിയത്.ചതുപ്പും ഇടച്ചാലുകളും നിറഞ്ഞ കുറ്റിക്കാടിന്റെ ഒരു വശത്ത് കരമന-കിള്ളിയാറാണ്. ആറിനോടടുത്ത കുറ്റിക്കാട്ടിലാണ് മൃതദേഹം. പുറത്തു നിന്നുള്ള ആൾക്കാർക്ക് അധികം എത്തിപ്പെടാൻ കഴിയാത്ത സ്ഥലമാണ്. ഈ ഭാഗത്തു മൃതദേഹം കണ്ടെത്തിയത് ദുരൂഹത വർധിപ്പിച്ചു.