സെപ്തംബര്‍ മുതല്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് 5, 3 വര്‍ഷം ആദ്യമേ എടുക്കണം

ന്യൂഡല്‍ഹി: സെപ്തംബര്‍ മാസം മുതല്‍ രാജ്യത്ത് കാറുടമകള്‍ക്കും ഇരുചക്രവാഹനമുടമകള്‍ക്കും കീശ കീറും. വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഒരു വര്‍ഷമെന്നത് നാലുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷമായും ഇരുചക്രവാഹനങ്ങള്‍ക്ക് മൂന്നു വര്‍ഷമായും നിര്‍ബന്ധമാക്കുന്നതോടെയാണിത്. ഇതു സംബന്ധിച്ച് സുപ്രിംകോടതി നിയോഗിച്ച ഒരു കമ്മിറ്റി നല്‍കിയ ശുപാര്‍ശ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

വാഹനം വാങ്ങുമ്പോള്‍ ഇപ്പോള്‍ ആദ്യം ഒരു വര്‍ഷത്തേക്ക് മാത്രം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുത്താല്‍ മതിയായിരുന്നു. ഈ ഇന്‍ഷുറന്‍സില്‍ നിന്നാണ് അപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞാല്‍ മിക്കവരും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പുതുക്കാറില്ല.

ഇന്ത്യന്‍ റോഡുകളിലോടുന്ന 18 കോടി വാഹനങ്ങളില്‍ 6 കോടി വാഹനങ്ങള്‍ക്കു മാത്രമേ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇപ്പോള്‍ ഉള്ളൂ എന്നാണ് കണക്ക്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പുതുക്കാത്തതിനാല്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം കിട്ടാതെ പോകുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തിലേറെപ്പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. പോട്ട്‌ഹോളില്‍ തട്ടിയുണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 3597 ആണ്.