ട്രെക്കിങ് അനധികൃതം: റെയ്ഞ്ച് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

തേനി: ട്രെക്കിങ്ങിനിടെയുണ്ടായ കാട്ടുതീയില്‍ അകപ്പെട്ടു പതിനൊന്നു പേര്‍ മരിച്ച സംഭവത്തില്‍ കുരങ്ങിണി റെയ്ഞ്ച് ഓഫിസര്‍ ജയ്‌സിങ്ങിനു സസ്‌പെന്‍ഷന്‍. ട്രെക്കിങ് സംഘം അനധികൃതമായി വനത്തില്‍ പ്രവേശിച്ചതു തടയാതിരുന്നതിനാണു നടപടി. അതേസമയം, വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ ട്രെക്കിങ് അനധികൃതമാണെന്നു തേനി എസ്പി വി.ഭാസ്‌കരന്‍ പറഞ്ഞു.

ടോപ് സ്റ്റേഷന്‍ വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും. കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ട്രെക്കിങ് ക്ലബ് ഉടമ പീറ്റര്‍ വന്‍ജീത്, ഗൈഡ് രാജേഷ് എന്നിവര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതായും എസ്പി അറിയിച്ചു. ചെന്നൈ, തിരുപ്പൂര്‍, ഈറോഡ് സ്വദേശികളായ 28 സ്ത്രീകളും എട്ടു പുരുഷന്മാരും മൂന്നു കുട്ടികളുമടങ്ങുന്ന സംഘമാണു ഞായറാഴ്ച ഉച്ചകഴിഞ്ഞു ദുരന്തത്തില്‍പ്പെട്ടത്. തീപടര്‍ന്നു പിടിച്ചതോടെ സംഘം പലവഴിക്കു ചിതറിയോടുകയായിരുന്നു.