തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി പൂരവിളമ്പരത്തിനായി എത്തി

തൃശൂര്‍: തൃശൂര്‍ പൂരം വിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തി. തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്ന പൂര വിളമ്പരത്തിനാണ് നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി രാമചന്ദ്രന്‍ എത്തിയത്. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി അവിടെ നിന്നാണ് തിടമ്പ് രാമചന്ദ്രന്‍ ശിരസിലേറ്റിയത്.

തുടര്‍ച്ചയായ ആറാം വര്‍ഷമാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. ആരോഗ്യ പ്രശ്നങ്ങളും അക്രമ സ്വഭാവവുമുള്ള ആനയ്ക്ക് അനുമതി നൽകുന്ന കാര്യത്തിൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും കര്‍ശന ഉപാധികളോടെയാണ് എഴുന്നെള്ളിക്കാൻ ധാരണയായത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെയ്തലക്കാവിലമ്മയെ പുറത്തേറ്റി രാമചന്ദ്രന്‍ തെക്കേഗോപുരനട തുറന്നതോടെ പൂരത്തിനു തുടക്കമായി. ആനയുടെ പത്തുമീറ്റര്‍ അകലത്തില്‍ മാത്രമേ ആളുകള്‍ നില്‍ക്കാവൂ എന്നാണ് നിബന്ധന. എന്നാല്‍ പൂരത്തിനുള്ള ജനക്കൂട്ടം ക്ഷേത്രമുറ്റത്തുണ്ട്.

നെയ്തലക്കാവിൽ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്ഥമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത് എന്ന പ്രത്യേകതയുമുണ്ട്. പൂര പ്രേമികളും ആനപ്രേമികളുമായി മുൻപെങ്ങുമില്ലാത്ത വിധം വലിയൊരു ആൾക്കൂട്ടവും ക്ഷേത്ര പരിസരത്ത് എത്തിയിട്ടുണ്ട്. തേക്കിൻകാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോൾ ആവേശത്തോടെ പുരുഷാരം ചുറ്റും കൂടി. ആര്‍പ്പ് വിളിച്ച് ആവേശം ബഹളമാകരുതെന്ന് സംഘാടകരുടെ നിരന്തര അഭ്യര്‍ത്ഥനകൾക്കിടെയാണ് ചടങ്ങുകൾ നടന്നത്.

കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പൂര നഗരിയിൽ ഇത്തവണയുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദീര്‍ഘദൂര എഴുന്നെള്ളിപ്പിന് അനുമതിയില്ലാത്തതിനാൽ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ദേവീദാസൻ എന്ന ആന തേക്കിൻകാട് പരിസരം വരെ എത്തി. അതിന് ശേഷം മണികണ്ഠനാൽ പരിസരത്തു വച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പ് കൈമാറി. ആളുകളെ ബാരിക്കേഡ് കെട്ടിയാണ് നിയന്ത്രിച്ചത്.