ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ 14 പൈസ ഇടിവ്

കൊച്ചി: വിപണിയില്‍ രൂപയുടെ മൂല്യം ഇന്നും ഇടിവ് നേരിട്ടു. ഇന്നലെ വ്യാപാരത്തില്‍ രൂപയില്‍ 26 പൈസ ഇടിവ് ഉണ്ടായി. ഡോളറിനെതിരെ 67.13 എന്ന നിലവാരമാണ് രൂപയ്ക്കുണ്ടായിരുന്നത്. 15 മാസത്തിനു ശേഷം ഉണ്ടാകുന്ന വലിയ ഇടിവാണിന്നലെ നേരിട്ടത്. എന്നാല്‍ ഇന്നും 14 പൈസ ഇടിവ് നേരിട്ടു. ഡോളറിനെതിരെ 67.27 എന്ന നിലവാരമാണ് ഇന്ന് രൂപയുടേത്.

ഈ വര്‍ഷം തന്നെ എഴുപതിനു താഴേക്ക് രൂപയുടെ മൂല്യം ഇടിയുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക, ഡി.ബി.എസ് ബാങ്ക്, ഐ.എഫ്.എ ഗ്ലോബല്‍ എന്നീ രാജ്യാന്തര സ്ഥാപനങ്ങളുടെ പ്രവചനം. എണ്ണ ഇറക്കുമതി കമ്പനികളുടെ ഡോളര്‍ വിനിയോഗത്തിലുണ്ടാകുന്ന വര്‍ദ്ധനവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തല്‍. ഓഹരി വിപണിയില്‍ നിന്നും വിദേശ ധനസ്ഥാപനങ്ങള്‍ വന്‍ തോതില്‍ നിക്ഷപം വിറ്റൊഴിയുന്നത് ഇതുവരെ 5.1% ഇടിവ് രൂപയില്‍ വരുത്തി.

ഇത് പെട്രോള്‍, ഡീസല്‍ വില ഉയരുന്നതിനും ഇറക്കുമതി ഉത്പന്നങ്ങള്‍ക്കെല്ലാം വില വര്‍ദ്ധിക്കുന്നതിനും കാരണമാകും. ലോക കറന്‍സികളില്‍ രൂപയാണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിടുന്നത്. ഇത് സാധാരണക്കാരായ ജനങ്ങളെയാണ് കൂടുതലായി ബാധിക്കുക.