ശ്രീജിത്തിന്റെ സമരം അനാവശ്യ വിവാദമോ? ലക്ഷ്യം സര്‍ക്കാരിനെതിരെ ജനരോഷം തിരിച്ചുവിടല്‍

കസ്റ്റഡിമരണം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സമരം എല്‍.ഡി.എഫ് സര്‍ക്കാരിന് മുന്നില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ 765 ദിവസമായി നിരാഹാരം സമരം നയിക്കുന്ന ശ്രീജിത്തിന്റെ സമരത്തിന് പെട്ടെന്ന് ഉയര്‍ന്നുവന്നിരിക്കുന്ന ജനപിന്തുണയ്ക്ക് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് സംശയം ഉയരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിവ് എന്ന സഹോദരന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ഇരിക്കുന്നത്.

എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ രണ്ടുദിവസം മുമ്പ് ഈ വിഷയം കാര്യമായി ഉയര്‍ന്നുവരികയും എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായി രൂപംമാറിയതും സംശയാസ്പദമാണ്.
2014ലാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍വെച്ച് മരണപ്പെടുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടനെ സമഗ്രമായ അന്വേഷണം നടത്തിയിരുന്നു.

ഈ കേസില്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു. 10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നല്‍കി. അഞ്ചുലക്ഷം രൂപ ശ്രീജിവിന്റെ അമ്മയുടെ പേരിലും അഞ്ചുലക്ഷം രൂപ ശ്രീജിത്തിന്റെ പേരിലും ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ രസീത് രണ്ടുപേര്‍ക്കും കൈമാറിയിട്ടും ഉണ്ട്. അതു കഴിഞ്ഞ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സഹോദരന്‍ സര്‍ക്കാരിന് നല്‍കിയ പരാതിയിന്മേല്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ആദ്യന്തര വകുപ്പ് കേന്ദ്ര ഗവണ്‍മെന്റിനോട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ സഹോദരന്റെ ആവശ്യം ഒരു സര്‍ക്കാര്‍ ജോലി നല്‍കണം എന്നതാണ്.

ഈക്കാര്യവും സര്‍ക്കാര്‍ പരിശോധിച്ചെങ്കിലും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ നിയമപരമായി കഴിയുകയില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇക്കാര്യങ്ങള്‍ ഒരു വിവരാവകാശ അപേക്ഷ നല്‍കിയാല്‍ ആര്‍ക്കും ലഭ്യമാകുന്നതാണ്. പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് നിരഹാരം കിടക്കുന്ന ശ്രീജിത്ത് പോലും പറയില്ല. ശ്രീജിത്തിനും കുടുംബത്തിന് സംഭവിച്ചതിന് ഇതൊന്നും പരിഹാരം ആകില്ലെങ്കിലും ഈ സര്‍ക്കാര്‍ വന്നശേഷം നിയമപരമായ ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്.

ഇനി വേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവാണ്. 2017 ജൂലൈ 18 ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ചീഫ് സെക്രട്ടറിക്ക് ലഭിക്കുന്ന് 2017 ഡിസംബര്‍ 22നാണ്. 2018 ജനുവരി മൂന്നിന് കേന്ദ്രത്തിന്റെ കത്ത് ആഭ്യന്തര വകുപ്പിന് ലഭിച്ചു. തുടര്‍ന്ന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ഇനിയുള്ള വഴി കോടതിയെ സമീപിക്കുകയോ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സി.ബി.ഐയെക്കൊണ്ട് കേസെടുപ്പിക്കുകയോ ആണ്. ഇതിനുപകരം സംസ്ഥാന സര്‍ക്കാരിനെതിരെ ജനരോഷം തിരിച്ചുവിടാനുള്ള ചിലരുടെ ശ്രമങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.