വിശ്വാസവോട്ടെടുപ്പ് 11 മണിക്ക്; റിസോര്‍ട്ടില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായി

ബെംഗളുരു: കർണാടകത്തിൽ കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന വിശ്വാസവോട്ട് ഇന്ന് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. രാജിവച്ച 12 എംഎൽഎമാരും നിലവില്‍ മുംബൈയിൽ തുടരുകയാണ്. സഭയിൽ എത്തില്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകർ, ആനന്ദ് സിംഗ്, റോഷൻ ബെയ്‌ഗ്‌ എന്നിവരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ല. കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന ഒരു എംഎല്‍എയെ കാണാതായതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോര്‍ട്ടില്‍ നിന്ന് കാണാതായത്. ബുധനാഴ്ച രാത്രി എട്ടു മണി മുതല്‍ ഇയാളെ റിസോര്‍ട്ടില്‍ കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാട്ടീലിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചില്‍ നടത്തി വരികയാണ്. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഇവരെ താമസിപ്പിച്ച പ്രകൃതി റിസോര്‍ട്ടില്‍ വെച്ച് ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പാട്ടീലിനെ കാണാതായത്.

എന്നാല്‍ എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം.