ലക്ഷ്യം തെറ്റി സൂര്യനെ ചുറ്റി ടെസ്‌ല; ഭൂമിയിലേക്കു തകര്‍ന്നു വീണേക്കുമെന്ന് വിദഗ്ധര്‍

ന്യൂയോര്‍ക്ക്: യുഎസ് കമ്പനി സ്‌പെയ്സ് എക്‌സ് ബഹിരാകാശത്തേക്ക് അയച്ച സ്‌പോര്‍ട്സ് കാര്‍ ടെസ്ല റോഡ്സ്റ്റര്‍ വിദൂരഭാവിയില്‍ ഭൂമിയിലേക്കു തകര്‍ന്നു വീണേക്കുമെന്നു വിദഗ്ധരുടെ നിഗമനം. കഴിഞ്ഞ ആറിനു വിക്ഷേപിക്കപ്പെട്ട സ്‌പെയ്സ് എക്‌സിന്റെ ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവിയാണു ടെസ്ല റോഡ്സ്റ്ററിനെ ചൊവ്വ ലക്ഷ്യമാക്കി അയച്ചത്.

ചൊവ്വയെ നിരീക്ഷിച്ചു ചിത്രങ്ങളെടുത്തു ഭൂമിയിലേക്ക് അയയ്ക്കാനുള്ള സൗകര്യങ്ങളോടെയാണു ടെസ്ലയെ അയച്ചത്. എന്നാല്‍, ലക്ഷ്യം തെറ്റിയ ടെസ്ല ഇപ്പോള്‍ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സഞ്ചാരത്തിനിടെ 2091ല്‍ ഭൂമിയോടു ചേര്‍ന്നുവരുമെന്നാണു കണക്കുകൂട്ടല്‍.

ആ സമയത്തു ഭൂമിയില്‍നിന്ന് ചന്ദ്രന്റെയത്ര അകലത്തിലായിരിക്കും ടെസ്ലയുടെ സഞ്ചാരം. എങ്കിലും ഭൂമിയിലേക്കു വീഴാന്‍ 6% സാധ്യതയുണ്ടത്രേ. കോടിക്കണക്കിനു വര്‍ഷങ്ങള്‍ ടെസ്ല റോഡ്സ്റ്റര്‍ സൂര്യനെ വലംവച്ചുകൊണ്ടിരിക്കുമെന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ നിഗമനം. ചൊവ്വയില്‍ തകര്‍ന്നു വീഴാന്‍ സാധ്യത തീരെ കുറവാണെന്നും ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.

ഇതിനിടെ, ഉപഗ്രഹം ഉപയോഗിച്ചുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കുള്ള കരാറിന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്സ് എക്സ് കമ്പനിക്കു യുഎസ് സര്‍ക്കാര്‍ സ്ഥാപനമായ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അനുമതി നല്‍കി.