സ്വാതന്ത്ര്യദിനാഘോഷം: ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് സുരക്ഷ ശക്തിപ്പെടുത്തി. ജമ്മു-കശ്മീരിലെ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണം നടത്താന്‍ വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ലഷ്‌കര്‍ ഇതൊയ്ബ, ജയ്‌ഷെ ഇ മൊഹമ്മദ് എന്നീ ഗ്രൂപ്പുകളാണ് അക്രമങ്ങള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നത്. കാശ്മീരിലും ഡല്‍ഹിയിലും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

നിരവധി ലഷ്‌കര്‍ ഭീകരര്‍ അക്രമത്തിനായി അതിര്‍ത്തി കടക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഭീകരരുടെ സാറ്റലൈറ്റ് ഫോണ്‍ സംഭാഷണം പിടിച്ചെടുത്തതിലൂടെയാണ് വിവരം പുറത്തായത്.

കശ്മീരിലെ ബാരാമുള്ള ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ജെയ്‌ഷെ ഒരു കൂട്ടം തീവ്രവാദികളെ അയച്ചതായി മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. പാക് അധിനിവേശ കശ്മീരില്‍ നിന്നും മറ്റ് ഭീകരവാദ പ്രസ്ഥാനങ്ങളും അക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായും വിവരമുണ്ട്.