ടി 20 ലോകകപ്പ് കാണാൻ ഇന്ത്യക്കാരെ ക്ഷണിച്ച് ഓസീസ് പ്രധാനമന്ത്രി; മറുപടിയുമായി നരേന്ദ്ര മോദി

മെൽബൺ: അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് കാണാന്‍ ഇന്ത്യന്‍ ആരാധകരെ ക്ഷണിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസൺ. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ ആരാധകരെയും സന്ദര്‍ശകരെയും മോറിസണ്‍ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ചത്.

അദ്ദേഹത്തിന്റെ ക്രിക്കറ്റ് ഭ്രാന്ത് ഏറെ പ്രശസ്തമാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയുടെ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും ശ്രീലങ്കയും തമ്മിലുള്ള ടി20 സന്നാഹ മത്സരത്തിനിടെ വെള്ളക്കുപ്പിയുമായി ഗ്രൗണ്ടിലിറങ്ങി സ്കോട് മോറിസണ്‍ ആരാധകരുടെ കൈയടി വാങ്ങുകയും ചെയ്തിരുന്നു.

ഇതിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി.എന്റെ നല്ല സുഹൃത്തായ സ്കോട് മോറിസണ്‍ വ്യക്തിപരമായി ക്ഷണിക്കുമ്പോള്‍ ഓസ്ട്രേലിയ സന്ദര്‍ശിക്കാനും ലോകകപ്പ് കാണാനും ഇന്ത്യക്കാര്‍ എന്തായാലും ഓസ്ട്രേലിയയില്‍ എത്തുമെന്ന് തനിക്കുറപ്പാണെന്ന് നരേന്ദ്ര മോദി മറുപടി നല്‍കി. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണെന്ന് പറഞ്ഞ മോദി ഓസ്ട്രേലിയക്കാര്‍ക്ക് ദീപാവലി ആശംസകളും നേര്‍ന്നു.